പദ്ധതി വിജയം; മാതൃയാനം കൂടുതല്‍ ജില്ലകളിലേക്ക്

  • ലോക്ഡൗണ്‍ കാലത്താണ് ഏറെ ശ്രദ്ധ നേടിയത്

Update: 2023-07-06 11:30 GMT

സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ ശേഷം അമ്മക്കും കുഞ്ഞിനും വീടുകളിലേക്ക് സൗജന്യയാത്രാ സൗകര്യമൊരുക്കുന്ന മാതൃയാനം പദ്ധതിക്ക് വിവിധ ജില്ലകളില്‍ മികച്ച പ്രതികരണം. ഇടുക്കി ജില്ലയില്‍ കളക്ടര്‍ ളക്ടര്‍ ഷീബാ ജോര്‍ജ് മാതൃയാനം പദ്ധതിയുടെ നാല് വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 19 ലക്ഷം രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷം മാതൃയാനം പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ സംസ്ഥാന സര്‍ക്കാരിന്റെ അമ്മയും കുഞ്ഞും പദ്ധതിയുടെ ഭാഗമായാണ് മാതൃയാനം പദ്ധതി നടപ്പാക്കുന്നത്. പദ്ധതി അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവം നടക്കുന്ന അമ്മമാര്‍ക്ക് ഡിസ്ചാര്‍ജ് സമയത്ത് വീട്ടില്‍ എത്തുന്നതിനുള്ള വാഹന സൗകര്യം സൗജന്യമായി ഏര്‍പ്പെടുത്തും. ഇടുക്കി ജില്ലയില്‍ ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികളിലും നെടുങ്കണ്ടം, അടിമാലി താലൂക്കാശുപത്രികളിലുമാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കുന്നത്.

ആലപ്പുഴ ജില്ലയിലെ തുറവൂരില്‍ മാതൃയാനം പദ്ധതി എംഎല്‍എ ദെലീമ ജോജോ നിര്‍വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണനിര്‍വഹണത്തിലുള്ളതാണ് തുറവൂര്‍ താലൂക്ക് ആശുപത്രി. പദ്ധതി നടത്തിപ്പിനായി ടാക്‌സി കാറുടമയുമായി കരാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇതിനോടകം മാതൃയാനം പദ്ധതിയ്ക്ക് ആയിരത്തിലധികം ഗുണഭോക്താക്കളുണ്ട്. യാത്രാ നിയന്ത്രണങ്ങളുണ്ടായിരുന്ന ലോക്ഡൗണ്‍ കാലത്താണ് പദ്ധതി ഏറെ ശ്രദ്ധ നേടിയത്.

Tags:    

Similar News