ഇന്ത്യയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഫ്രഞ്ച് വ്യവസായികളോട് മോദി

  • ഇന്ത്യ-ഫ്രാന്‍സ് സിഇഒ ഫോറത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
  • ബിസിനസ് സഹകരണം വൈവിധ്യവല്‍ക്കരിക്കണം
  • ബിസിനസ് അനായാസമാക്കുന്നതിന് ഇന്ത്യയില്‍ നിരവധി നടപടികള്‍

Update: 2023-07-15 04:13 GMT

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഫ്രഞ്ച് വ്യവസായ പ്രമുഖരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം ഇന്ത്യ-ഫ്രാന്‍സ് സിഇഒ ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യോമയാനം, ഉല്‍പ്പാദനം, പ്രതിരോധം, സാങ്കേതിക വിദ്യ, ഊര്‍ജം തുടങ്ങി വിവിധ മേഖലകളില്‍ ഫ്രാന്‍സിലെ 16 സിഇഒമാരും ഇന്ത്യന്‍ ഭാഗത്തുനിന്ന് 24 പേരും ഉള്‍പ്പെട്ടതാണ് ഫോറം.

എയര്‍ബസ്, സഫ്രാന്‍, പോള്‍ ഹെര്‍മെലിന്‍, ഹെന്റി പൗപാര്‍ട്ട് ലഫാര്‍ജ്, അല്‍സ്റ്റോം, പീറ്റര്‍ ഹെര്‍വെക്ക്, ഷ്‌നൈഡര്‍ ഇലക്ട്രിക്, നമിത ഷാ, ടോട്ടല്‍ എനര്‍ജീസ്, ഫിലിപ്പ് എരേര തുടങ്ങി നിരവധി കമ്പനികളിലെ പ്രമുഖര്‍ ഫോറത്തില്‍ പങ്കെടുത്തു. ഹരി എസ് ഭാരതിയ, ജൂബിലന്റ് ലൈഫ് സയന്‍സസ് ലിമിറ്റഡ്; ലക്ഷ്മി മിത്തല്‍; ആര്‍സലര്‍ മിത്തല്‍, തരുണ്‍ മേത്ത, ആതര്‍ എനര്‍ജി, അമിത് ബി കല്യാണി, ഭാരത് ഫോര്‍ജ് എന്നിവരായിരുന്നു ഇന്ത്യന്‍ പക്ഷത്തെ വ്യവസായ പ്രമുഖര്‍.

'പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഞാനും ബിസിനസ് സഹകരണം വൈവിധ്യവല്‍ക്കരിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുന്‍നിര സിഇഒമാരെ കണ്ടു. ഇന്ത്യയിലെ പരിഷ്‌കാരങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും നമ്മുടെ രാജ്യം വാഗ്ദാനം ചെയ്യുന്ന നിരവധി അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സംരംഭകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു'ക പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും ഈ വ്യവസായ പ്രമുഖര്‍ വഹിച്ച പങ്ക് പ്രധാനമന്ത്രി അംഗീകരിച്ചതായി എംഇഎ പ്രസ്താവനയില്‍ പറഞ്ഞു.

റിന്യൂവബിള്‍സ്, സ്റ്റാര്‍ട്ടപ്പുകള്‍, ഫാര്‍മ, ഐടി, ഡിജിറ്റല്‍ പേയ്മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലെ ഇന്ത്യയുടെ പുരോഗതിയും ബിസിനസ്് പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിച്ച വിവിധ സംരംഭങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ യാത്ര ത്വരിതപ്പെടുത്തുന്നതിനായും പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെയും ഫ്രാന്‍സിലെയും വ്യവസായ പ്രമുഖരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ രാജ്യങ്ങളിലെ ബിസിനസ് സമൂഹം വളരെയധികം സംഭാവന നല്‍കിയിട്ടുണ്ടെന്നും മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യയും ഫ്രാന്‍സും 25 വര്‍ഷത്തെ തന്ത്രപരമായ പങ്കാളിത്തം പൂര്‍ത്തിയാക്കിയതായി നിരീക്ഷിച്ച മോദി, ദീര്‍ഘയാത്രയില്‍ ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

'25 വര്‍ഷത്തെ തന്ത്രപരമായ പങ്കാളിത്തം ഞങ്ങള്‍ ആഘോഷിക്കുകയാണ്. ഈ യാത്രയില്‍ വ്യവസായ പ്രമുഖര്‍ വലിയ പങ്കുവഹിച്ചു', മോദി പറഞ്ഞു.

എന്‍ഡിഎ ഭരണത്തിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. എഫ്ഡിഐ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തല്‍, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയിലൂടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക, കോര്‍പ്പറേറ്റ് നികുതി കുറയ്ക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി മോദി എത്തിയത്. 

Tags:    

Similar News