അച്ചാര്‍ മുതല്‍ മുളയരി വരെ വില്‍പ്പന; വീട്ടമ്മയുടെ വരുമാനം അരലക്ഷം രൂപ

പ്രോട്ടീന്‍ സപ്ലിമെന്റ് വമ്പന്‍ഹിറ്റ് അച്ചാറുണ്ടാക്കി തുടക്കം അരലക്ഷം വരുമാനം

Update: 2023-03-30 19:45 GMT

ഒരു സംരംഭകയായി സ്ത്രീകള്‍ ഉയര്‍ന്നുവരുന്നതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഷ്ടപ്പാടുകളുമുണ്ടാകും. കുടുംബത്തെ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തിക്കാനാണ് അതുവരെ വീട്ടമ്മമാരായി കഴിഞ്ഞിരുന്ന പല സ്ത്രീകളും സംരംഭക വേഷം അണിയുന്നതിന് പിന്നില്‍. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും വലിയ വരുമാനം നേടി മുന്നേറുന്നത് കാണാം. ആലപ്പുഴ സ്വദേശിനി വിജി ശ്രീകുമാറും ഇതിനൊരു ഉദാഹരണമാണ്. ഭര്‍ത്താവിനെ സാമ്പത്തികമായി സഹായിക്കാന്‍ വേണ്ടിയാണ് സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ വിജി തീരുമാനിച്ചത്. ടൈലറിങ് യൂനിറ്റ് മുതല്‍ പലവിധ സംരംഭങ്ങളും പരീക്ഷിച്ചെങ്കിലും വിജിയെ തുണച്ചത് മുള ഉല്‍പ്പന്നങ്ങളിലാണ്. അരലക്ഷം രൂപയാണ് പ്രതിമാസം ഇപ്പോള്‍ ഇവരുടെ വരുമാനം.

ടൈലറിങ് യൂനിറ്റില്‍ തുടക്കം

ആലപ്പുഴ സ്വദേശിനി വിജി ശ്രീകുമാര്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമക്കാരിയാണ്. വിവാഹശേഷം വെറും വീട്ടമ്മയായി ഒതുങ്ങിക്കഴിയുകയായിരുന്നു. ഭര്‍ത്താവ് ശ്രീകുമാറിന് കയര്‍ കച്ചവടമായിരുന്നു. പലവിധ പ്രതിസന്ധികളില്‍ കുടുങ്ങിയ കയര്‍ ബിസിനസില്‍ നിന്ന് വരുമാനം ഇല്ലാതാകാന്‍ തുടങ്ങിയപ്പോഴാണ് വിജി സ്വന്തമായി എന്തെങ്കിലും ചെയ്ത് സാമ്പത്തികമായി ശ്രീകുമാറിനെ പിന്തുണയ്ക്കണമെന്ന് ആലോചിക്കുന്നത്. ഫാഷന്‍ ഡിസൈനറായതിനാല്‍ ചെറിയൊരു തയ്യല്‍ യൂനിറ്റ് തുടങ്ങാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ യൂനിറ്റ് പ്രതീക്ഷിച്ച പോലെ വിജയകരമായിരുന്നില്ല. ഇതേതുടര്‍ന്നാണ് പാചകത്തിലുള്ള തന്റെ അഭിരുചി പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നത്. 2012ല്‍ എവിഎസ് എന്ന ബ്രാന്റില്‍ അച്ചാറുകള്‍ ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. അച്ചാര്‍ ആളുകള്‍ ഏറ്റെടുത്തതോടെ ഉല്‍പ്പന്ന നിര വൈവിധ്യവത്കരിക്കാനായി ശ്രമം. അങ്ങിനെ പായസവും ഉണ്ടാക്കി വില്‍ക്കാന്‍ ആരംഭിച്ചു.

വിവിധ ഫെസ്റ്റുകളിലും പരിപാടികളിലുമൊക്കെ വിജിയുടെ പായസം തേടി ആളുകളെത്താന്‍ തുടങ്ങി. നിരവധി വെറൈറ്റികള്‍ പരീക്ഷിച്ച് വിജയിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. ചുരങ്ങ, ചൈനീസ് ഉരുളക്കിഴങ്ങ്, കാരറ്റ്,ബീറ്റ്‌റൂട്ട്,ചക്ക തുടങ്ങിയവ കൊണ്ടുള്ള പായസങ്ങളൊക്കെ ആളുകളുടെ മനംകവര്‍ന്നു. പിന്നീട് വിദൂരങ്ങളില്‍ നിന്ന് പോലും പോസ്റ്റല്‍ ഓര്‍ഡറുകളും പായസത്തിനായി ലഭിച്ചുതുടങ്ങി. അപ്പോഴാണ് പെട്ടെന്ന് കേട് വരുന്ന പായസം ദൂരസ്ഥലങ്ങളിലേക്ക് അയക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കി പായസം മിക്‌സ് രംഗത്തിറക്കുന്നത്. ഇതും പെട്ടെന്ന് തന്നെ വിപണി ഏറ്റെടുത്തു. ഇത് കൂടാതെ ആറ് മാസം വരെ കേടുവരാതെ സൂക്ഷിക്കാവുന്ന റിട്ടോര്‍ഡ് പ്രോസസ്സ് ചെയ്ത പായസവും വിപണിയിലെത്തിച്ചു. അങ്ങിനെ എവിഎന്‍ ബ്രാന്റിന്റെ പായസം വലിയ ഹിറ്റായി. മികച്ച വരുമാനം വന്നുതുടങ്ങിയതോടെ മുളയരി കൊണ്ടുള്ള പായസവും വിജി തയ്യാറാക്കി. അങ്ങിനെയാണ് മറ്റൊരു ഉല്‍പ്പന്ന നിരയിലേക്ക് വിജി കാലെടുത്ത് വെക്കുന്നത്.

ലക്കി ബാംബൂ

വിജിയെ സംബന്ധിച്ച് മുള ഭാഗ്യം കൊണ്ടുവന്ന ചെടിയാണ്. പായസത്തിന്റെ വെറൈറ്റിക്ക് വേണ്ടിയാണ് മുളയരിയിലേക്ക് പോയതെങ്കിലും ബാംബൂ ഉല്‍പ്പന്നങ്ങളുടെ വിപണി സാധ്യത തിരിച്ചറിയുകയായിരുന്നു ഈ സംരംഭക. ഇപ്പോള്‍, അവളുടെ ബ്രാന്‍ഡ് മുള അരിപ്പൊടി, മുള അരി പുട്ടുപൊടി, കഞ്ഞി മിക്സ്, പായസം മിക്‌സ്, മുള അരി അടിസ്ഥാനമാക്കിയുള്ള പ്രോട്ടീന്‍ പൗഡര്‍ ബാംബൂ വീറ്റ തുടങ്ങിയ ഉല്‍പ്പന്നങ്ങളൊക്കെ എവിഎന്‍ ബ്രാന്‍ഡിന്റെ മുന്‍നിര ഉല്‍പ്പന്നമാണ്.

പ്രോട്ടീന്‍ സമ്പുഷ്ടമായ സപ്ലിമെന്റിനായി ശരിയായ ചേരുവകള്‍ കണ്ടെത്താന്‍ കുറച്ച് വര്‍ഷമെടുത്തുവെന്ന് അവര്‍ പറയുന്നു. ''മുള അരി അടിസ്ഥാനമാക്കിയുള്ള പ്രോട്ടീന്‍ സപ്ലിമെന്റ് പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉല്‍പ്പന്നം ലാബില്‍ പരിശോധിച്ച് പോഷകമൂല്യം ഉറപ്പാക്കിയിട്ടുണ്ട്. ഇത് പാലിലോ വെള്ളത്തിലോ ചേര്‍ത്ത് കഴിക്കാം.ഷേക്ക്, സ്മൂത്തികള്‍ എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാമെന്ന് വിജി പറയുന്നു.490 രൂപ വിലയുള്ള ബാംബൂ വീറ്റയാണ് തന്റെ എല്ലാ ഉല്‍പ്പന്നങ്ങളിലും ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്നത്. ബാംബൂ ഉല്‍പ്പന്നങ്ങളില്‍ നിന്ന് മാത്രം അരലക്ഷം രൂപ പ്രതിമാസം വരുമാനമായി തനിക്ക് ലഭിക്കുന്നുണ്ടെന്നും ഈ സംരംഭക വ്യക്തമാക്കുന്നു.

ഫേസ് പാക്കുകള്‍, ഹെയര്‍ പാക്കുകള്‍, ലിപ് ബാം, ഹെയര്‍ ഓയിലുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലും ഒരു കൈനോക്കുന്നു.സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങളിലേക്കും തന്റെ ബിസിനസ് വ്യാപിപ്പിക്കുയാണ് വിജി.

Tags:    

Similar News