ചരിത്ര നേട്ടത്തില്‍ സിയാല്‍; പ്രവര്‍ത്തന ലാഭം 521.50 കോടി രൂപ

  • 2022-23 ല്‍ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമായിരുന്നു

Update: 2023-06-27 04:30 GMT

രജത ജൂബിലി ആഘോഷങ്ങളില്‍ ഇരട്ടി മധുരവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍). കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ പ്രവര്‍ത്തനലാഭം 521.50 കോടി രൂപ. അറ്റാദായം 267.17 കോടി രൂപയും രേഖപ്പെടുത്തി. സിയാലിന്റെ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഓഹരി ഉടമകള്‍ക്ക് 35 ശതമാനം ലാഭവിഹിതം നല്‍കാന്‍ സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയതു. രജത ജൂബിലി ആഘോഷിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2023-24) സിയാല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മൊത്തവരുമാനം 1000 കോടി രൂപയിലെത്തിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

കൊവിഡാനന്തര നേട്ടം

കോവിഡ് മൂലം 2020-21 ല്‍ 85.10 കോടി രൂപ സിയാലിന് നഷ്ടമുണ്ടായിട്ടുണ്ട്. കൊവിഡ് ശേഷം സാമ്പത്തിക-ഓപ്പറേഷണല്‍ പുനഃക്രമീകരണ നടപടികളുടെ ഫലമായി 2021-22 ല്‍ 22.45 കോടി രൂപ ലാഭം നേടിയിരുന്നു. കോവിഡാനന്തര വര്‍ഷത്തില്‍ ലാഭം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളവും സിയാലായിരകുന്നു. പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക് എത്തിയതോടെ 2021-22 ല്‍ കമ്പനിയുടെ മൊത്തവരുമാനം 418.69 കോടി രൂപയായി. 2022-23 സാമ്പത്തിക വര്‍ഷം മൊത്തം വരുമാനം 770.90 കോടി രൂപയായി ഉയര്‍ന്നു.

തേയ്മാനച്ചെലവ്, നികുതി, പലിശ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള കണക്കില്‍ സിയാല്‍ നേടിയ പ്രവര്‍ത്തന ലാഭം 521.50 കോടി രൂപയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടി രൂപയും. 2022-23-ല്‍ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ് രേഖപ്പെടുത്തിയത്. കൂടാതെ 61,232 വിമാനസര്‍വീസുകളും സിയാല്‍ കൈകാര്യം ചെയ്തിരുന്നു. സിയാലിന്റെ 100 ശതമാനം ഓഹരിയുള്ള ഉപകമ്പനികളുടേയും സാമ്പത്തിക പ്രകടനം ഇക്കാലയളവില്‍ മെച്ചപ്പെട്ടിട്ടുണ്ട്.

25 രാജ്യങ്ങളില്‍ നിന്നായി 22,000 നിക്ഷേപകരാണ് സിയാലിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, ഡയറക്ടര്‍മാരായ ചീഫ് സെക്രട്ടറി വിപി ജോയി, ഇകെ ഭരത് ഭൂഷന്‍, എംഎ യൂസഫ് അലി, ഇഎം ബാബു, എന്‍വി ജോര്‍ജ്, പി മുഹമ്മദലി, മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ്, കമ്പനി സെക്രട്ടറി സജി കെ ജോര്‍ജ് എന്നിവര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.

പദ്ധതികള്‍

അഞ്ച് മെഗാ പദ്ധതികള്‍ക്ക് സെപ്റ്റംബറില്‍ തുടക്കമിടാനും ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ടെര്‍മിനല്‍-3 വികസനത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനത്തിന് കല്ലിടല്‍, പുതിയ കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം, ഗോള്‍ഫ് ടൂറിസം പദ്ധതി, ടെര്‍മിനല്‍-2 ല്‍ ട്രാന്‍സിറ്റ് അക്കോമഡേഷന്‍ നിര്‍മാണോദ്ഘാടനം, ടെര്‍മിനല്‍ 3 യുടെ മുന്‍ഭാഗത്ത് കൊമേഴ്സ്യല്‍ സോണ്‍ നിര്‍മാണോദ്ഘാടനം, എന്നിവയാണ് സെപ്റ്റംബറില്‍ നിശ്ചയിച്ചിട്ടുള്ളത്. ഇവയില്‍ ടെര്‍മിനല്‍-3 ന്റെ വികസനത്തിന് മാത്രം 500 കോടിയിലധികം രൂപയാണ് കണക്കാക്കപ്പെടുന്നത്.

Tags:    

Similar News