പുഴമീന്‍ പിടിച്ചാലും പിടി വീഴും
- 15,000 രൂപ പിഴയും ആറ് മാസം തടവും ലഭിക്കുന്ന കുറ്റം
മഴക്കാലമായാല്‍ പാടത്തും തോട്ടിലും പുഴയിലുമെല്ലാം മീന്‍ നിറയുകയായി. എന്നാല്‍ ഈ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ ശ്രദ്ധിച്ചോളു, ട്രോളിംഗ് നിരോധനം പുഴമീനുകള്‍ക്കും ബാധകമാണ്.
ഉള്‍നാടന്‍ മത്സ്യയിനങ്ങളുടെ പ്രജനനകാലമാണ് ജൂണ്‍, ജൂലൈ മാസങ്ങള്‍. ഇക്കാലയളവില്‍ മുട്ടയിടാനാണ് മത്സ്യങ്ങള്‍ പുഴയിലേക്കും പാടത്തേക്കും എത്തുന്നത്. ഈ മത്സ്യങ്ങളെ പിടിക്കുന്നത് ഇവയുടെ വംശത്തെയും ഉള്‍നാടന്‍ മത്സ്യ സമ്പത്തിനേയും നശിപ്പിക്കുന്നതിന് കാരണമാവും. ഇതിനാലാണ് ഫിഷറീസ് വകുപ്പ് കര്‍ശന നടപടിയുമായി രംഗത്തെത്തിയത്.
എന്നാല്‍ അംഗീകൃത മത്സ്യത്തൊഴിലാളികള്‍ക്ക് ചൂണ്ടയും കണ്ണി അകലമുള്ള വലയും ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിന് തടസ്സമില്ല. വൈദ്യുതി വയര്‍ വെള്ളത്തിലിട്ട് ഷോക്കടിപ്പിച്ചും നഞ്ച് കലക്കിയും തോട്ട പൊട്ടിച്ചുമുള്ള മീന്‍പിടിത്തം കുറ്റകരമാണ്.
കേരള അക്വാകള്‍ച്ചര്‍ ആന്‍ഡ് ഇന്‍ ലാന്‍ഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങള്‍ അദ്ധ്യായം 4, ക്‌ളോസ് 6, സബ് ക്ലോസ് 3,4,5 പ്രകാരമാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്ക് 15,000 രൂപ പിഴയും ആറ് മാസം തടവും ലഭിക്കുന്ന കുറ്റമാണിത്.ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകളും തദ്ദേശ സ്ഥാപനത്തിനും ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാം.
