അമുല്‍ 700 ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കും

ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ വലിയൊരു വളര്‍ച്ചാ അവസരം സൃഷ്ടിക്കുന്നതായി അമുല്‍

Update: 2025-09-21 04:35 GMT

.അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാലുല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഗുജറാത്ത് സഹകരണ പാല്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്), ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നെയ്യ്, ബട്ടര്‍ ഐസ്‌ക്രീം, ബേക്കറി, ഫ്രോസണ്‍ ലഘുഭക്ഷണങ്ങള്‍ എന്നിവയുള്‍പ്പെടെ 700 ലധികം ഉല്‍പ്പന്ന പായ്ക്കറ്റുകളുടെ ചില്ലറ വില്‍പ്പന വില കുറയ്ക്കുന്നതായി അമുല്‍ പ്രഖ്യാപിച്ചു. പുതിയ വില സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.

'വെണ്ണ, നെയ്യ്, യുഎച്ച്ടി പാല്‍, ഐസ്‌ക്രീം, ചീസ്, പനീര്‍, ചോക്ലേറ്റുകള്‍, ബേക്കറി ശ്രേണി, ഫ്രോസണ്‍ ഡയറി, ഉരുളക്കിഴങ്ങ് ലഘുഭക്ഷണങ്ങള്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, നിലക്കടല സ്‌പ്രെഡ്, മാള്‍ട്ട് അധിഷ്ഠിത പാനീയം തുടങ്ങിയ ഉല്‍പ്പന്ന വിഭാഗങ്ങളിലായാണ് ഈ പരിഷ്‌കരണം,' ജിസിഎംഎംഎഫ് പറഞ്ഞു.

100 ഗ്രാം വെണ്ണയുടെ എംആര്‍പി 62 രൂപയില്‍ നിന്ന് 58 രൂപയായാണ് കുറയുക. നെയ്യ് വില ലിറ്ററിന് 40 രൂപ കുറച്ച് 610 രൂപയാകും. സംസ്‌കരിച്ച ചീസ് ബ്ലോക്കിന്റെ (1 കിലോ) എംആര്‍പി കിലോയ്ക്ക് 30 രൂപ കുറച്ച് 545 രൂപയാക്കി. ശീതീകരിച്ച പനീറിന്റെ (200 ഗ്രാം) പുതിയ എംആര്‍പി 95 രൂപയായിരിക്കും, നിലവില്‍ ഇത് 99 രൂപയാണ്.

'വിലക്കുറവ് വിവിധതരം പാലുല്‍പ്പന്നങ്ങളുടെ, പ്രത്യേകിച്ച് ഐസ്‌ക്രീം, ചീസ്, വെണ്ണ എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുമെന്ന് അമുല്‍ വിശ്വസിക്കുന്നു. കാരണം ഇന്ത്യയില്‍ പ്രതിശീര്‍ഷ ഉപഭോഗം വളരെ കുറവാണ്, ഇത് വലിയൊരു വളര്‍ച്ചാ അവസരം സൃഷ്ടിക്കുന്നു,' പ്രസ്താവനയില്‍ പറയുന്നു.

36 ലക്ഷം കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ജിസിഎംഎംഎഫ്, വിലയിലെ കുറവ് പാലുല്‍പ്പന്നങ്ങളുടെ ആവശ്യം വര്‍ദ്ധിപ്പിക്കുമെന്നും ഇത് വിറ്റുവരവ് വര്‍ദ്ധിപ്പിക്കുമെന്നും പറഞ്ഞു.

നേരത്തെ, മദര്‍ ഡയറിയും സെപ്റ്റംബര്‍ 22 മുതല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.   

Tags:    

Similar News