രാജ്യത്തെ സേവന മേഖലയില്‍ നേരിയ വളര്‍ച്ച

  • പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ക്ക് വേഗത വര്‍ധിച്ചു
  • രാജ്യത്തെ സേവന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാസത്തേക്കാള്‍ വേഗത്തില്‍ ഉയര്‍ന്നു

Update: 2025-05-06 07:15 GMT

എസ് ആന്റ് പി ഗ്ലോബല്‍ സമാഹരിച്ച 2025 ഏപ്രിലിലെ ഇന്ത്യയുടെ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക (പിഎംഐ) മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 58.5 ല്‍ നിന്ന് 58.7 ആയി ഉയര്‍ന്നു. ഇത് രാജ്യത്തെ സേവന മേഖലയില്‍ നേരിയ വളര്‍ച്ചയുടെ സൂചന രേഖപ്പെടുത്തുന്നു. മാര്‍ച്ചിലെ 59.5 ല്‍ നിന്ന് ഇന്ത്യ കോമ്പോസിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക 59.7 ആയും ഉയര്‍ന്നു.

'ഇന്ത്യയിലെ സേവന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാസത്തേക്കാള്‍ വേഗത്തില്‍ ഉയര്‍ന്നു. 2024 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും വേഗതയില്‍ പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ക്ക് ആക്കം കൂടി. ചെലവ് സമ്മര്‍ദ്ദങ്ങള്‍ കുറയുകയും വിലകള്‍ വേഗത്തില്‍ ഉയരുകയും ചെയ്തതോടെ മാര്‍ജിനുകള്‍ മെച്ചപ്പെട്ടു. ഭാവി വളര്‍ച്ചയെക്കുറിച്ച് കമ്പനികള്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തിയെങ്കിലും, അവരുടെ ആത്മവിശ്വാസം അല്പം കുറഞ്ഞു,' എച്ച്എസ്ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുല്‍ ഭണ്ഡാരി പറഞ്ഞു.

പുതിയ ബിസിനസ് ഓര്‍ഡറുകളില്‍ ഉണ്ടായ ഗണ്യമായ വര്‍ധനവാണ് ഉല്‍പ്പാദനത്തിലെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് കാരണമായത്. ഇത് എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി. നിരവധി കമ്പനികള്‍ അനുകൂലമായ വിപണി സാഹചര്യങ്ങളും ഫലപ്രദമായ മാര്‍ക്കറ്റിംഗ് കാമ്പെയ്നുകളും റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര ആവശ്യകതയില്‍ നിന്നുള്ള നേട്ടങ്ങള്‍ ഇന്ത്യന്‍ സേവന ദാതാക്കള്‍ക്ക് ലഭിച്ചു. ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, യുഎസ് വിപണികളില്‍ നിന്നുള്ള വളര്‍ച്ച പ്രത്യേകിച്ചും ശ്രദ്ധേയമായി.

സേവന മേഖലയുടെ പ്രകടനത്തെയും സാമ്പത്തിക ആരോഗ്യത്തെയും കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു സൂചകമാണ് സര്‍വീസസ് പിഎംഐ (പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡെക്‌സ്). വില്‍പ്പന, തൊഴില്‍ നിലവാരം, ഇന്‍വെന്ററി മാനേജ്മെന്റ്, വിലകള്‍ എന്നിവയുള്‍പ്പെടെ സേവന വ്യവസായത്തിലെ പ്രധാന വേരിയബിളുകളെ സൂചിക ട്രാക്ക് ചെയ്യുന്നു.

നിക്ഷേപകരെയും സാമ്പത്തിക വിദഗ്ധരെയും നയരൂപീകരണക്കാരെയും നിലവിലെ ബിസിനസ്സ് സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ സൂചിക സഹായിക്കുന്നു. 

Tags:    

Similar News