ലോകകപ്പ് ഷെഡ്യൂളില്‍ മാറ്റമുണ്ടാകുമെന്ന് ബിസിസിഐ അധ്യക്ഷന്‍

  • മൂന്ന് ബോര്‍ഡുകള്‍ ഐസിസിയോട് ഷെഡ്യൂളില്‍ തിരുത്ത് ആവശ്യപ്പെട്ടു
  • ഷെഡ്യൂള്‍ പുറത്തിറക്കിയത് തന്നെ ഏറെ വൈകി
  • മാറ്റം വരിക സമയത്തിലും വേദിയിലും മാത്രം

Update: 2023-07-28 07:11 GMT

ലോകക്കപ്പ് ക്രിക്കറ്റ് ഷെഡ്യൂളില്‍ മാറ്റം വരുന്നതിനുള്ള സാധ്യത സ്ഥിരീകരിച്ച് ബിസിസിഐ അധ്യക്ഷന്‍ ജയ് ഷാ. ഷെഡ്യൂളില്‍ മാറ്റം ആവശ്യപ്പെട്ട് മൂന്ന് രാഷ്ട്രങ്ങളുടെ ബോര്‍ഡുകള്‍ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിന് (ഐസിസി) കത്തെഴുതിയതിനെ തുടർന്നാണ് ഷെഡ്യൂളില്‍ തിരുത്തലുകള്‍ വരുത്തുന്നത്. മത്സരങ്ങള്‍ക്കിടയിലെ ഇടവേള 4-5 ദിവസമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മത്സരങ്ങളുടെ തീയതിയിലും സമയത്തിലും മാത്രമാണ് മാറ്റം വരുത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. 

അടുത്ത രണ്ടു മൂന്ന് ദിവസങ്ങളില്‍ പുതുക്കിയ ഷെഡ്യൂള്‍ സംബന്ധിച്ച് വ്യക്തത വരും. ഐസിസി-യുമായി കൂടിയാലോചിച്ചാണ് ഷെഡ്യൂള്‍ തിരുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 15 ന് ഷെഡ്യൂൾ ചെയ്ത ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടൽ മാറ്റിവച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നവരാത്രി ആഘോഷങ്ങള്‍ കൂടി നടക്കുന്നതിനാല്‍ ഇന്ത്യ-പാക് മത്സരത്തിന് സുരക്ഷയൊരുക്കുന്നത് വിവിധ സേനകളെ സംബന്ധിച്ച് ശ്രമകരമാകുമെന്ന് വിലയിരുത്തലുകളുണ്ട്. എന്നാല്‍ അഹമ്മദാബാദില്‍ ഈ മത്സരം നടത്തുന്നതിന് സുരക്ഷാ പ്രശ്നങ്ങളില്ലെന്നാണ് ജയ് ഷാ പറയുന്നത്. ഒക്റ്റോബര്‍  14ന് മറ്റ് രണ്ട് മത്സരങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് എന്നതു കണക്കിലെടുത്താല്‍ ഇന്ത്യ- പാക് മത്സരം മാറ്റിവെക്കാനുള്ള സാധ്യത കുറവാണ്. 

കഴിഞ്ഞ മാസമാണ് ലോകക്കപ്പിനായുള്ള ഷെഡ്യൂള്‍ ബിസിസിഐ-യും ഐസിസിയും ചേര്‍ന്ന് പുറത്തിറക്കിയത്. ഒക്റ്റോബര്‍ 5ന് അഹമ്മദാബാദില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ 10 ഇന്ത്യന്‍ നഗരങ്ങളില്‍ മത്സരം നടക്കും. തിരുവനന്തപുരം ഉള്‍പ്പടെയുള്ള 2 നഗരങ്ങളില്‍ സന്നാഹ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഫൈനല്‍ മത്സരവും അഹമ്മദാബാദിലാണ് നടക്കുക, നവംബര്‍ 19നാണ് ഫൈനല്‍.

ജി20 , ലോകക്കപ്പ് ക്രിക്കറ്റ് എന്നീ വന്‍ അന്താരാഷ്ട്ര ഇവന്‍റുകള്‍ക്ക് ഒരു വര്‍ഷം തന്നെ രാജ്യം ആതിഥേയത്വം വഹിക്കുന്നതിലൂടെ മികച്ച അവസരങ്ങള്‍ ടൂറിസം മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നുവെന്നാണ് വിലയിരുത്തല്‍. കൊറോണയ്ക്ക് ശേഷം ഏറ്റവും ശക്തമായ വീണ്ടെടുപ്പ് നടത്താന്‍ ഈ അവസരം സഹായമാകുമെന്നാണ് ഈ മേഖലയിലെ പ്രമുഖര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം 10 മുഖ്യവേദികളില്‍ 9 ഇടത്തും ഇന്ത്യയുടെ ലീഗ് മത്സരങ്ങള്‍ നടക്കുന്നുണ്ട്. 

വൈകിയെത്തിയ ഷെഡ്യൂള്‍, പിന്നെയും തിരുത്ത്

ടൂർണമെന്റ് ആരംഭിക്കുന്നതിന് 100 ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്, ഷെഡ്യൂൾ പുറത്തിറക്കിയത്. ഇപ്പോള്‍ വീണ്ടും ഷെഡ്യൂളില്‍ ആശയക്കുഴപ്പം വരികയും ചെയ്തിരിക്കുന്നു. , 2019-ൽ ഇംഗ്ലണ്ടിലും വെയിൽസിലും നടന്ന ലോകകപ്പിന്റെയും 2015-ൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന ലോകകപ്പിന്റെയും ഫിക്‌ചറുകൾ 12 മാസത്തിലേറെ മുമ്പേ പുറത്തുവിട്ടിരുന്നു. 

നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ധർമ്മശാല, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലായി 46 ദിവസ കാലയളവില്‍ 45 ലീഗ് മത്സരങ്ങളും മൂന്ന് നോക്കൗട്ട് മത്സരങ്ങളും ഈ ലോകക്കപ്പില്‍ നടക്കും. രണ്ട് സെമിഫൈനലുകൾക്കും ഫൈനൽ മത്സരങ്ങൾക്കും മുമ്പായി വിശ്രമത്തിനുള്ള റിസർവ് ദിവസങ്ങളുണ്ട്. ആറ് ലീഗ് മത്സരങ്ങള്‍ ഇന്ത്യൻ സമയം രാവിലെ 10:30നാണ് ആരംഭിക്കുന്നത്. മറ്റെല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കുന്ന ഡേ-നൈറ്റ് ഗെയിമുകളായിരിക്കുമെന്നും ഇപ്പോഴുള്ള ഫിക്സ്ചറില്‍ പറയുന്നു. 

Tags:    

Similar News