പണപ്പെരുപ്പം കുറയും, വരും വര്‍ഷം 4 ശതമാനത്തിന് മുകളിലെന്ന് അനുമാനം: ആര്‍ബിഐ

  • നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ അനുമാനം ആദ്യം സൂചിപ്പിച്ചിരുന്ന 7 ശതമാനത്തില്‍ നിന്നും 6.8 ശതമാനമായി ആര്‍ബിഐ കുറച്ചു.
  • സമ്പദ് വ്യവസ്ഥ പൂര്‍വസ്ഥിതി പ്രാപിക്കുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍.

Update: 2022-12-07 06:40 GMT

ഡെല്‍ഹി: വരുന്ന 12 മാസങ്ങള്‍ കൊണ്ട് രാജ്യത്തെ പണപ്പെരുപ്പം നാലു ശതമാനത്തിന് മുകളില്‍ തന്നെ തുടരാനാണ് സാധ്യതയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നടപ്പ് പാദത്തിലും (ഒക്ടോബര്‍-ഡിസംബര്‍) പണപ്പെരുപ്പം 6.6 ശതമാനമായിരിക്കുമെന്നും, നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ഇത് 5.9 ശതമാനമായിരിക്കുമെന്നുമാണ് ആര്‍ബിഐയുടെ അനുമാനം. ഇരു പാദങ്ങളിലും യഥാക്രമം 6.4 ശതമാനം, 5.8 ശതമാനം എന്നിങ്ങനെയാകും പണപ്പെരുപ്പ നിരക്ക് എന്നായിരുന്നു സെപ്റ്റംബറില്‍ നടന്ന പണനയ അവലോകന സമിതിയുടെ അനുമാനം.

മാത്രമല്ല ഇക്കഴിഞ്ഞ രണ്ടാം പാദത്തില്‍ പണപ്പെരുപ്പം 7.1 ശതമാനമായിരിക്കുമെന്നും ആര്‍ബിഐ പ്രവചിച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ അനുമാനം ആദ്യം സൂചിപ്പിച്ചിരുന്ന 7 ശതമാനത്തില്‍ നിന്നും 6.8 ശതമാനമായി ആര്‍ബിഐ കുറച്ചു. ലോകത്തെ ഏറ്റവും വേഗത്തില്‍ മുന്നേറുന്ന സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.

രാജ്യത്തെ സമ്പദ് വ്യവസ്ഥ പൂര്‍വ്വ സ്ഥിതി പ്രാപിക്കുകയാണെന്നും ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും ഇന്ത്യയ്ക്ക് മങ്ങല്‍ ഏല്‍ക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.9 ശതമാനം ആയിരിക്കുമെന്ന് ലോക ബാങ്ക് അടുത്തിടെ പ്രവചിച്ചിരുന്നു. ഇന്ന് നടന്ന പണനയ അവലോകന സമിതി മീറ്റിംഗില്‍ ആര്‍ബിഐ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ അടിസ്ഥാന പലിശ നിരക്ക് 6.25 ശതമാനമായി ഉയര്‍ന്നു.

Tags:    

Similar News