ട്രംപിന്റെ താരിഫ് വളര്‍ച്ചക്ക് ഭീഷണിയെന്ന് ക്രിസില്‍

വിദേശ നിക്ഷേപം കുറയാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്

Update: 2025-09-28 04:27 GMT

ട്രംപിന്റെ താരിഫുകള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ക്രിസില്‍. കയറ്റുമതിയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലെ വിദേശ നിക്ഷേപം കുറയാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്.

താരിഫ് ഇന്ത്യയുടെ കയറ്റുമതിയെ, പ്രത്യേകിച്ച് ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മ, ഓട്ടോ തുടങ്ങിയ പ്രധാന മേഖലകളില്‍ വലിയ ആഘാതം സൃഷ്ടിക്കും. രാജ്യത്തെ നാമമാത്ര ജിഡിപിയില്‍ ഇടിവുണ്ടാക്കും. ജിഎസ്ടി, ആദായനികുതി പോലുള്ളവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് നാമമാത്ര ജിഡിപി. നാമമാത്ര ജിഡിപി ഇടിയുമ്പോള്‍ സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കും. കുറഞ്ഞ ഉല്‍പ്പന്ന വില്‍പ്പനയുമുണ്ടാവാം. അങ്ങനെ സംഭവിച്ചാല്‍ അത് കോര്‍പ്പറേറ്റ് വരുമാനം മന്ദഗതിയിലായേക്കാമെന്നുമാണ് ക്രിസില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി 7.8% ആയി ഉയര്‍ന്നു, കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തില്‍ ഇത് 7.4% ആയിരുന്നു. എന്നാല്‍ നാമമാത്ര ജിഡിപി വളര്‍ച്ച ഇതേ കാലയളവിലെ 10.8% ല്‍ നിന്ന് 8.8% ആയി കുറയുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അതേസമയം, ഉപഭോക്തൃ പണപ്പെരുപ്പത്തിലെ കുറവ്, കാര്‍ഷിക മേഖലയുടെ മുന്നേറ്റം, ക്രൂഡ് ഓയില്‍ വിലയിലെ ഇടിവും ആഗോളതലത്തില്‍ ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ വിലയിലെ നേരിയ കുറവുമെല്ലാം സമ്പദ് വ്യവസ്ഥയ്ക്ക് തുണയാവുമെന്നും ക്രിസില്‍ വ്യക്തമാക്കി. 

Tags:    

Similar News