യുഎഇയുമായുള്ള സിഇപിഎയ്ക്ക് ഒന്നാംവാര്‍ഷികം; അബൂദാബി നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇന്ത്യ
- അബൂദാബിയുടെ നിക്ഷേപം വര്‍ധിപ്പിക്കും
- വ്യാപാരത്തില്‍ 20% വര്‍ധനവ്
- ഇന്ത്യന്‍ കയറ്റുമതി 31.3 ബില്യണ്‍ ഡോളര്‍
ഡിജിറ്റല്‍, റിനീവബിള്‍ മേഖലകളില്‍ അടക്കം അബൂദാബിയില്‍ നിന്ന് കൂടുതല്‍ നിക്ഷേപ സാധ്യത തേടി ഇന്ത്യ. വിവിധ ബിസിനസ് മേഖലകളില്‍ നിക്ഷേപം നടത്താന്‍ അബൂദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയോടും അബൂദാബിയിലെ പ്രമുഖ നിക്ഷേപക സ്ഥാപനമായ മുബാദലയോടുമാണ് ഇന്ത്യ ചര്‍ച്ച നടത്തുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യുഎഇയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ഉയര്‍ത്തുന്നതിനെ രാജ്യം സ്വാഗതം ചെയ്യുന്നുവെന്നും രണ്ട് കമ്പനികളും പുതിയ നിക്ഷേപ സാധ്യതകള്‍ കണ്ടെത്തി നിക്ഷേപം നടത്താന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടതല്‍ നിക്ഷേപമുള്ള നിക്ഷേപകരില്‍ ഏഴാം സ്ഥാനമാണ് യുഎഇയ്ക്ക്. 18 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപമാണ് ഇന്ത്യയിലുള്ളത്. സ്വതന്ത്ര വ്യപാര കരാറിന് ശേഷം യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. യുഎഇയും ഇന്ത്യയും തമ്മിലുള്ള കോംപ്രഹെന്‍സീവ് ഇക്കണോമിക് പാട്ണര്‍ഷിപ്പ് എഗ്രിമെന്റിന്റെ ഒന്നാം വാര്‍ഷിക ദിന പരിപാടി യുഎഇ വിദേശ വ്യാപാരവകുപ്പ് മന്ത്രി താനി ബിന്‍ അഹ്മദ് അല്‍ സെയൂദിയും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
2022-2023ല്‍ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 12 ശതമാനം ഉയര്‍ന്ന് 31.3 ബില്യണ്‍ ഡോളറായിട്ടുണ്ട്. നൂതന ബിസിനസ് മേഖലകള്‍ കൂടുതല്‍ കണ്ടെത്തി എഡിഐഎയും മുബാദലയ്ക്കും രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രചോദനം നല്‍കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പുതിയ ചര്‍ച്ചകള്‍.
