റഷ്യന്‍ ബന്ധത്തില്‍ യൂറോപ്യന്‍ യൂണിയന് അതൃപ്തി; 45 സ്ഥാപനങ്ങള്‍ക്ക് ഉപരോധം
3 എണ്ണം ഇന്ത്യയില്‍
റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ 3 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 45 സ്ഥാപനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തി. ഉക്രെയ്ന്‍ അധിനിവേശത്തിന് റഷ്യയുടെ മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള 19-ാമത് ഉപരോധ പാക്കേജിന്റെ ഭാഗമായി കമ്പനികള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ഉക്രെയ്‌നെതിരെ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉപരോധം. എയറോട്രസ്റ്റ് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, അസെന്‍ഡ് ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ശ്രീ എന്റര്‍പ്രൈസസ് എന്നിവയാണ് ഇന്ത്യയിലെ മൂന്ന് സ്ഥാപനങ്ങള്‍.
കമ്പ്യൂട്ടര്‍ ന്യൂമെറിക്കല്‍ കണ്‍ട്രോള്‍ മെഷീന്‍ ടൂളുകള്‍, മൈക്രോ ഇലക്ട്രോണിക്‌സ്, അണ്‍മാനഡ് ഏരിയല്‍ വെഹിക്കിള്‍ , മറ്റ് നൂതന സാങ്കേതിക ഇനങ്ങള്‍ എന്നിവയിലെ കയറ്റുമതി നിയന്ത്രണങ്ങള്‍ മറികടക്കാന്‍ പ്രാപ്തമാക്കുന്നതിലൂടെ റഷ്യയുടെ സൈനിക, വ്യാവസായിക കേന്ദ്രങ്ങളെ നേരിട്ട് പിന്തുണയ്ക്കുന്ന 45 പുതിയ സ്ഥാപനങ്ങളെ യൂറോപ്യന്‍ കൗണ്‍സില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
റഷ്യയുടെ പ്രതിരോധ മേഖലയുടെ സാങ്കേതിക പുരോഗതിക്ക് സംഭാവന നല്‍കുന്ന ഇനങ്ങള്‍ക്കും ഇരട്ട ഉപയോഗ സാധനങ്ങള്‍ക്കും ഈ സ്ഥാപനങ്ങള്‍ക്ക് കര്‍ശനമായ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
ഉപരോധത്തിക്കപ്പെട്ട സ്ഥാപനങ്ങളില്‍ 12 എണ്ണം ഹോങ്കോങ്ങ് ഉള്‍പ്പെടെ ചൈനയിലും മൂന്നെണ്ണം ഇന്ത്യയിലും രണ്ടെണ്ണം തായ്ലന്‍ഡിലുമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു.
