ഭക്ഷ്യവില ഉയരുമെന്ന മുന്നറിയിപ്പുമായി റീട്ടെയില്‍ പണപ്പെരുപ്പ ഡേറ്റ
ഓഗസ്റ്റില്‍ ചില്ലറ പണപ്പെരുപ്പം ഉയര്‍ന്നു
രാജ്യത്തെ ചില്ലറ വ്യാപാര പണപ്പെരുപ്പം ഉയരുന്നതായി സര്‍ക്കാര്‍. ഗാര്‍ഹിക ആവശ്യത്തിനുള്ള 50% ഭക്ഷ്യവസ്തുക്കളുടെയും വില വര്‍ധിച്ചെന്നും റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ 2.07% ആയാണ് റീട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്നത്.
ജൂലൈയില്‍ എട്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.55 ശതമാനമായിരുന്നു. ഇവിടെ നിന്നാണ് കുത്തനെയുള്ള കുതിപ്പ് രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളുടെ അടിസ്ഥാന വിലയിലുണ്ടായ മുന്നേറ്റമാണ് ഇതിന് കാരണമായത്. റോയിട്ടേഴ്‌സ് പോള്‍ സര്‍വേ ഫലം 2.10% ആയിരുന്നു. ഇതില്‍ നിന്നുള്ള നേരിയ വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്.
ഓഗസ്റ്റില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചിരുന്നു. ഇതും മുന്നോട്ടേക്ക് ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നതിന് കാരണമാവാം. ഈ മാസവും സമാനമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇത് ഇന്ത്യയിലെ വേനല്‍ക്കാല വിളകളായ നെല്ല്, പരുത്തി, സോയാബീന്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയെ ബാധിച്ചേക്കാമെന്നും സര്‍ക്കാര്‍ ഡേറ്റ വ്യക്തമാക്കി.
പ്രധാനമായും റീട്ടെയില്‍ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അടിസ്ഥാന പലിശനിരക്ക് പരിഷ്‌കരിക്കുന്നത്. പണപ്പെരുപ്പം ഉയര്‍ന്ന തലത്തില്‍ തുടര്‍ന്നതിനാല്‍ 2023 ഫെബ്രുവരി മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ വരെ നടന്ന യോഗങ്ങളിലൊന്നും പലിശ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിരുന്നില്ല.
