ജിഡിപി മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് ഡെലോയിറ്റ് ഇന്ത്യ

ആഭ്യന്തര ഡിമാന്‍ഡിലെ മികവ് ഇന്ത്യക്ക് നേട്ടമാകും

Update: 2025-10-23 13:31 GMT

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.7 മുതല്‍ 6.9 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് ഡെലോയിറ്റ് ഇന്ത്യ. കരുത്തായത് ആഭ്യന്തര ഡിമാന്‍ഡിലെ കുതിച്ചുചാട്ടം.

കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും തന്ത്രപരമായ നയപരിഷ്‌കാരങ്ങളാണ് രാജ്യത്തിന് തുണയായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറഞ്ഞ പണപ്പെരുപ്പം ഉപഭോക്തൃ ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന റിസര്‍വ് ബാങ്കിന്റെ പ്രവചനവും ഡിലോയിറ്റ് ശരിവയ്ക്കുന്നുണ്ട്.

ഈ സാമ്പത്തിക വര്‍ഷം ശരാശരി 6.8 ശതമാനം വളര്‍ച്ചയായിരിക്കും രാജ്യം കൈവരിക്കുക. ശരാശരി വളര്‍ച്ചയില്‍ ഡിലോയിറ്റ് മുന്‍ പ്രവചനത്തേക്കാള്‍ 0.3 ശതമാനം പോയിന്റിന്റെ വര്‍ധനയാണ് ഇപ്പോള്‍ വരുത്തിയത്. വരും വര്‍ഷങ്ങളിലും വളര്‍ച്ചയില്‍ രാജ്യം ഈ പ്രവണത പിന്തുടരും.

വെല്ലുവിളിയായി നില്‍ക്കുന്നത് വ്യാപാരവും നിക്ഷേപവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടി. ഉല്‍സവ സീസണില്‍ ആവശ്യകത ഉയര്‍ന്നത് ഉപഭോഗ വര്‍ധനവിന് വഴിവച്ചതായി ഡെലോയിറ്റ് ഇന്ത്യ സാമ്പത്തിക വിദഗ്ധന്‍ റംകി മജുംദാര്‍ പറഞ്ഞു. ഇക്കാരണത്താല്‍ വ്യവസായികള്‍ ഉയര്‍ന്ന ആവശ്യകത നിറവേറ്റാന്‍ ഉല്‍പ്പാദനം ഉയര്‍ത്തി. ഇത് രാജ്യത്ത് ശക്തമായ സ്വകാര്യ നിക്ഷേപം എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ഷാവസാനത്തോടെ ഇന്ത്യ യുഎസുമായും യൂറോപ്യന്‍ യൂണിയനുമായും കരാറില്‍ ഏര്‍പ്പെടുമെന്ന പ്രതീക്ഷയുണ്ട്, ഇത് മൊത്തത്തിലുള്ള നിക്ഷേപ വികാരങ്ങള്‍ ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നും മൂന്നും പാദങ്ങളിലെ ശക്തമായ വളര്‍ച്ച മൊത്തത്തിലുള്ള വാര്‍ഷിക വളര്‍ച്ചയെ നയിക്കുമെന്നും മജുംദാര്‍ പറഞ്ഞു. 

Tags:    

Similar News