പുതിയ ആദായ നികുതി ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
ബില്ലിലെ ആശങ്കകളും ആശയ കുഴപ്പങ്ങളും നീക്കുക ലക്ഷ്യം
പുതിയ ആദായ നികുതി ബില്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ഭേദഗതിവരുത്തിയ ഏകീകൃത കരട് ബില്‍ തിങ്കളാഴ്ച അവതരിപ്പിക്കും.
പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിയുടെ ശുപാര്‍ശകളെത്തുടര്‍ന്നാണ് പുതിയ ആദായ നികുതി ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. ബില്ലിലെ ആശങ്കകളും ആശയ കുഴപ്പങ്ങളും നീക്കുകയാണ് ലക്ഷ്യം. ഇതിനായി മാറ്റങ്ങളോടെ അടുത്താഴ്ച പുതിയ ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
നിര്‍വചനങ്ങള്‍, ഡ്രാഫ്റ്റിംഗിന്റെ സ്വഭാവം, വാക്യങ്ങളുടെ വിന്യാസത്തിലും മാറ്റം അനിവാര്യമാണെന്നാണ് പിന്‍വലിക്കലിന് കാരണമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞത്.അവസാന തീയതിക്കുശേഷം നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കും റീഫണ്ട് അനുവദിക്കുന്നത് അടക്കമുള്ള ഭേദഗതികളാണ് വരാന്‍ പോവുന്ന ബില്ലില്‍ പ്രതീക്ഷിക്കുന്നത്.
ഭാഷ ലളിതമാക്കല്‍, തര്‍ക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകള്‍ നീക്കംചെയ്യല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ചോദിച്ചിരുന്നു. ഇവകൂടി പരിഗണിച്ചാണ് ബില്ലില്‍ മാറ്റങ്ങള്‍ വരുത്തുക. പുതിയ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ഇറക്കുന്നതോടെയാണ് പ്രാബല്യത്തില്‍ വരുക.
