ജിഎസ്ടി കൗണ്‍സില്‍; നിര്‍ണായക യോഗത്തിന് ഇന്ന് തുടക്കം

നിരവധി സാധനങ്ങളുടെ വില കുറയുമെന്ന് പ്രതീക്ഷ

Update: 2025-09-03 03:01 GMT

ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ണായക യോഗത്തിന് ഇന്ന് ഡെല്‍ഹിയില്‍ തുടക്കം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ട് ദിവസത്തെ യോഗത്തില്‍ അധ്യക്ഷത വഹിക്കും. നിരവധി സാധനങ്ങളുടെ വില കുറയുമെന്ന പ്രഖ്യാപനം നിലവിലുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ് യോഗം.

രണ്ടു ദിവസമായി നടക്കുന്ന യോഗത്തില്‍ നിലവിലെ ജിഎസ്ടി സ്ലാബുകള്‍ രണ്ടാക്കി കുറയ്ക്കാന്‍ സാധ്യത ഏറെയാണ്. നികുതി നിരക്കുകളുടെ യുക്തിസഹീകരണം, അനുസരണം ലളിതമാക്കല്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളെക്കുറിച്ച് കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

നേരത്തെ, ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചരക്ക് സേവന നികുതി രാജ്യത്തിന് എങ്ങനെ ഗുണം ചെയ്തുവെന്ന് എടുത്തുകാണിച്ചു. സാധാരണക്കാര്‍ക്കും, കര്‍ഷകര്‍ക്കും, മധ്യവര്‍ഗത്തിനും, എംഎസ്എംഇകള്‍ക്കും ആശ്വാസം നല്‍കുന്ന ജിഎസ്ടിയുടെ കീഴിലുള്ള അടുത്ത തലമുറ പരിഷ്‌കാരങ്ങളുടെ പ്രാധാന്യം മോദി എടുത്തുപറഞ്ഞിരുന്നു.

അവശ്യവസ്തുക്കളുടെ നികുതി കുറയ്ക്കുകയും പ്രാദേശിക വില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസം നല്‍കുകയും ചെയ്യുന്ന അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ദീപാവലിക്കുമുമ്പ് നിലവില്‍ വരുമെന്നാണ് പ്രതീക്ഷ.

ആത്മനിര്‍ഭര്‍ ഭാരത് കെട്ടിപ്പടുക്കുന്നതിനായി, കഴിഞ്ഞ മാസം ചേര്‍ന്ന മന്ത്രിമാരുടെ സംഘത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടിയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഘടനാപരമായ പരിഷ്‌കാരങ്ങള്‍, നിരക്ക് യുക്തിസഹീകരണം, ജീവിത സൗകര്യം എന്നിങ്ങനെ മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പരിഷ്‌കാരങ്ങള്‍. സമഗ്രമായ വളര്‍ച്ചയ്ക്കും രാജ്യത്തുടനീളം അനായാസമായി ബിസിനസ് ചെയ്യുന്നതിനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി ജിഎസ്ടിയെ ജിഎസ്ടിയെ മാറ്റിയെടുക്കുന്നതിനുള്ള പ്രതിബദ്ധത കേന്ദ്ര ധനകാര്യ മന്ത്രാലയം വീണ്ടും ആവര്‍ത്തിച്ചു.

Tags:    

Similar News