ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ശക്തമാവുന്നു
മോദി-ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച ഈ മാസം അവസാനം
ഇന്ത്യ-ചൈന ബന്ധം ശക്തമാവുന്നു. മോദി-ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച ഈ മാസം അവസാനം. സാമ്പത്തിക നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് അടക്കം ബന്ധങ്ങളില്‍ സാധാരണ നില പുനഃസ്ഥാപിക്കാനുളള നടപടികളിലാണ് ഇന്ത്യയും ചൈനയുമുള്ളത്. ഈ മാസം അവസാനം ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതോടെ ബന്ധം കൂടുതല്‍ ദൃഢമാവുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ യൂറിയ, ഡൈഅമോണിയം ഫോസ്ഫേറ്റ്, ഡിഎപി എന്നീ വളങ്ങളുടെയും അപൂര്‍വ ധാതുക്കളുടെയും തുരങ്ക നിര്‍മാണ യന്ത്രങ്ങളുടെയും വിതരണമാണ് പുനസ്ഥാപിക്കപ്പെട്ടത്. ഇന്ത്യക്ക് ആവശ്യമായ വളങ്ങളുടെ 30 ശതമാനവും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. ഓട്ടോ, ഇലക്ട്രോണിക്സ് വ്യവസായങ്ങളിലെ പ്രധാന ഘടകമായ അപൂര്‍വ ധാതുക്കളിലുളള നിയന്ത്രണങ്ങള്‍ ആഭ്യന്തര ഉല്‍പാദനത്തെ ദുര്‍ബലപ്പെടുത്തുന്ന സാഹചര്യവും സൃഷ്ടിച്ചിരുന്നു. റോഡ് നിര്‍മാണത്തിനും തുരങ്ക നിര്‍മാണത്തിനും ആവശ്യമായ കൂറ്റന്‍ യന്ത്രങ്ങളും വിതരണം ചെയ്തതും ചൈനയായിരുന്നു.
അതേസമയം, ഇന്ത്യ-ചൈന നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുമുള്ള നടപടികളുടെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയിലെത്തിയതാണ് പുതിയ മുന്നേറ്റത്തിന് കാരണം.
സാമ്പത്തികവും വാണിജ്യപരവുമായ പ്രശ്‌നങ്ങള്‍, തീര്‍ഥാടനങ്ങള്‍, ജനങ്ങള്‍ക്കിടയിലെ സമ്പര്‍ക്കം, നദികളിലെ ജലനിരപ്പ് സംബന്ധിച്ചുള്ള വിവരങ്ങളുടെ പങ്കുവെക്കല്‍, അതിര്‍ത്തി വഴിയുള്ള വ്യാപാരം, ഉഭയകക്ഷി കൈമാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇരുരാഷ്ട്രങ്ങളുടേയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമായിട്ടുണ്ട്.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാണ്. ബന്ധത്തില്‍ പുതിയ ഊര്‍ജം ഉണ്ട്. പല മേഖലയിലും മുന്നോട്ടുപോകാന്‍ കഴിഞ്ഞുവെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കി. സമാന പ്രതികരണം വാങ് യിയില്‍ നിന്നുമുണ്ടായി. 2024ലെ മോദി ഷി ചര്‍ച്ചയാണ് അതിര്‍ത്തി പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിനു സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
