യുപിഐ, റുപേ കാര്‍ഡ് ആഗോളമാക്കാന്‍ ഇന്ത്യ; ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുന്നു
- എന്‍പിസിഐ വികസിപ്പിച്ചെടുത്ത തല്‍സമയ പേയ്‌മെന്റ് സംവിധാനമാണു യുപിഐ
- ഓഗസ്റ്റ് 30 വരെ 15.18 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 1024 കോടി ഇടപാടുകള്‍ യുപിഐ വഴി നടന്നു
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസും (യുപിഐ), റുപേ കാര്‍ഡും അന്തര്‍ദേശീയമാക്കുന്നതിനായി നിരവധി സൗത്ത് അമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്.
ഈ രാജ്യങ്ങളിലെ ഹൈക്കമ്മീഷനുകള്‍ / എംബസികള്‍ എന്നിവയുമായിട്ടാണു പ്രാഥമിക ചര്‍ച്ചകള്‍ നടത്തുന്നത്.
നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വികസിപ്പിച്ചെടുത്ത തല്‍സമയ പേയ്‌മെന്റ് സംവിധാനമാണു യുപിഐ.
2022 നവംബര്‍ വരെയുള്ള കണക്ക്പ്രകാരം, യുപിഐക്ക് ഇന്ത്യയില്‍ മാത്രം പ്രതിമാസം 300 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്.
വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനങ്ങള്‍ക്കു ബദലായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചതാണ് റുപേ. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാടുകളില്‍ മദ്ധ്യവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ സംവിധാനമാണ് റുപേ. യുപിഐ വികസിപ്പിച്ച എന്‍പിസിഐയാണ് റുപേയ്ക്ക് അന്തിമരൂപം നല്‍കിയത്.
ഇന്റര്‍ബാങ്ക് ബോറോവിംഗ് മാര്‍ക്കറ്റില്‍ പ്രത്യേകിച്ച് കോള്‍ മണി മാര്‍ക്കറ്റില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പദ്ധതിയിടുന്നുമുണ്ട്.
അടിയന്തിര ആവശ്യങ്ങള്‍ക്ക് മതിയായ പണലഭ്യത നിലനിര്‍ത്തുന്നതിനു മറ്റു ബാങ്കുകളില്‍ നിന്നും പണം കടം വാങ്ങാന്‍ ബാങ്കുകളെ സഹായിക്കുന്ന സംവിധാനമാണ് ഇന്റര്‍ബാങ്ക് ബോറോവിംഗ്.
1000 കോടി ഇടപാടുകളുമായി യുപിഐ
2023 ഓഗസ്റ്റില്‍ യുപിഐ സംവിധാനത്തിലൂടെ നടന്നത് 1000 കോടി ഇടപാടുകള്‍. ഒരു മാസത്തില്‍ ആദ്യമായിട്ടാണ് 1000 കോടി ഇടപാടുകള്‍ യുപിഐ വഴി നടക്കുന്നതെന്ന് എന്‍പിസിഐ.
ഓഗസ്റ്റ് 30 വരെയുള്ള കണക്കനുസരിച്ച്, 15.18 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 1024 കോടി ഇടപാടുകളാണു യുപിഐ വഴി നടന്നത്.
