ഇന്ത്യ-യുകെ ബന്ധം വിപുലീകരിക്കേണ്ട സമയം: ലേബര്‍ പാര്‍ട്ടി

  • ഐജിഎഫിലെ സ്റ്റാമറിന്റെ പ്രഭാഷണത്തിന് പ്രാധാന്യമേറും
  • ഇന്ത്യയെക്കുറിച്ച് പാര്‍ട്ടിയുടെ പുതിയ നയം പ്രഖ്യാപിച്ചേക്കും
  • വര്‍ധിച്ച സഹകരണത്തിനായി ആഹ്വാനം ചെയ്ത് സ്റ്റാമര്‍

Update: 2023-05-26 09:56 GMT

ഇന്ത്യ-യുകെ ബന്ധം എല്ലാ നിര്‍ണായക മേഖലകളിലും വിപുലീകരിക്കേണ്ട സമയമാണിതെന്ന് യുകെ പ്രതിപക്ഷ നേതാവ് സര്‍ കെയര്‍ സ്റ്റാമര്‍ പറഞ്ഞു. അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ലേബര്‍ പാര്‍ട്ടിയുടെ വിദേശ നയം രൂപീകരിക്കുന്നത് അദ്ദേഹമാണ്.

ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിലൂടെ പരസ്പര സഹകരണത്തിലൂടെയുള്ള വലിയ സാധ്യതകള്‍ താന്‍ കാണുന്നുവെന്ന് സ്റ്റാമര്‍ പറഞ്ഞു.

അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ (ഐജിഎഫ്) യുകെ-ഇന്ത്യ ഉച്ചകോടിയില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തുമെന്ന് ഒരു പ്രസ്താവനയില്‍ പറയുന്നു.

തന്റെ മുന്‍ഗാമിയായ ജെറമി കോര്‍ബിന്റെ കാലത്ത് കശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ വിവാദ പരാമര്‍ശങ്ങള്‍ അവര്‍ നടത്തിയിരുന്നു. ഇത് രാജ്യത്തിന് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. കോര്‍ബിന്റെ പ്രസ്താവനക്കെതിരെ അന്ന് ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു.

ഐജിഎഫിലെ സ്റ്റാമറിന്റെ കാഴ്ചപ്പാടുകള്‍ ഇന്ത്യയുമായുള്ള പാര്‍ട്ടിയുടെ ബന്ധത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടായിരിക്കും. കാശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ നിന്നും ഇക്കുറി പാര്‍ട്ടി വ്യതിചലിക്കാനാണ് സാധ്യത.

കാരണം സാമ്പത്തിക പ്രതിസന്ധികളും പണപ്പെരുപ്പവും ബ്രിട്ടനെ ഏറെ വലയ്ക്കുന്ന കാലമാണിത്.

വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യയും നവീകരണവും, കാലാവസ്ഥാ പ്രവര്‍ത്തനം, വൈവിധ്യവല്‍ക്കരണം, ആരോഗ്യ സംരക്ഷണം, തൊഴില്‍ രംഗം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം എങ്ങനെ ആഴത്തിലാക്കാനും വിശാലമാക്കാനും കഴിയുമെന്നതിനെക്കുറിച്ച് ഭാവിയിലേക്ക് നോക്കേണ്ട സമയമാണിതെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

'ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ സംസാരിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ലേബര്‍ പാര്‍ട്ടിക്ക് ഇന്ത്യയുമായി ദീര്‍ഘവും ശക്തവുമായ ബന്ധമുണ്ട്, അതില്‍ ഞാന്‍ അഭിമാനിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ഐജിഎഫ് അതായത് യുകെ-ഇന്ത്യ വീക്ക്, ഇപ്പോള്‍ അതിന്റെ അഞ്ചാം വര്‍ഷത്തിലാണ്. ജൂണ്‍ 26മുതല്‍ 30 വരെ യാണ് ഈ പരിപാടി നടക്കുന്നത്.

വിവധ മേഖലകളില്‍ ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ലോകമെമ്പാടുമുള്ള മുതിര്‍ന്ന രാഷ്ട്രീയക്കാര്‍, ബിസിനസ് മേധാവികള്‍, ബുദ്ധിജീവികള്‍ തുടങ്ങിയവരെ ഒന്നിച്ചു കൊണ്ടുവരികയാണ് പരിപാടിയുടെ ലക്ഷ്യം.

പരിപാടിയുടെ ഉദ്ഘാടനത്തിനായി സ്റ്റാമര്‍ മികച്ച തെരഞ്ഞെടുപ്പാണെന്ന് വിശ്വസിക്കുന്നതായി ഐജിഎഫ് സ്ഥാപകനും സിഇഒയും ആയ പ്രൊഫസര്‍ മനോജ് ലാദ്‌വ പറഞ്ഞു.

അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയുമായുള്ള ലേബറിന്റെ ബന്ധത്തിലെ ഉയര്‍ച്ച താഴ്ചകള്‍ കണക്കിലെടുക്കുമ്പോള്‍, ഇന്ത്യ ഗ്ലോബല്‍ ഫോറത്തിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News