യുഎസില്‍ തൊഴില്‍നഷ്ടം: ഇന്ത്യാക്കാര്‍ മടങ്ങിവരേണ്ടിവരുമോ? ആശങ്ക ഉയരുന്നു
തൊഴില്‍ നഷ്ടം 45ശതമാനം ഇന്ത്യാക്കാരെ ബാധിച്ചേക്കും
യുഎസില്‍ എച്ച്1 ബി വിസയിലെത്തിയ ഇന്ത്യക്കാര്‍ തൊഴില്‍നഷ്ടം കാരണം മടങ്ങിവരവിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഇന്ത്യയിലെ സൗകര്യങ്ങളിലേക്ക് മാറിയാല്‍ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നുംഅവര്‍ ഭയപ്പെടുന്നു.
എച്ച് 1 ബി അല്ലെങ്കില്‍ എല്‍- 1 വിസകളില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ 45 ശതമാനം പേര്‍ തൊഴില്‍ നഷ്ടം കാരണം സ്വദേശത്തേക്ക് മടങ്ങേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. പ്രൊഫഷണലുകള്‍ക്കായുള്ള കമ്മ്യൂണിറ്റി ആപ്പായ ബ്ലൈന്‍ഡാണ് ഇത് സംബന്ധിച്ച സര്‍വേ നടത്തിയത്. 26 ശതമാനം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ മറ്റൊരു രാജ്യത്തേക്ക് മാറുമെന്ന് പറഞ്ഞപ്പോള്‍ 29 ശതമാനം പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും അറിയിച്ചു. വീണ്ടും യുഎസ് തൊഴില്‍ വിസ തിരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന് 35 ശതമാനം പേര്‍ മാത്രമാണ് അതെ എന്ന് പ്രതികരിച്ചത്.
60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിക്കുന്നതിന് മുമ്പ് നാടുകടത്തല്‍ നോട്ടീസ് പുറപ്പെടുവിക്കുന്ന കേസുകള്‍ എച്ച്-1 ബി വിസ ഉടമകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോലി നഷ്ടപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ തങ്ങള്‍ക്കോ അവര്‍ക്കറിയാവുന്ന ഒരാള്‍ക്കോ ഹാജരാകാനുള്ള നോട്ടീസ് (എന്‍ടിഎ) ലഭിച്ചതായി ആറിലൊരാള്‍ പറഞ്ഞു. ഇത് യുഎസില്‍ നിന്നുള്ള സ്ഥിരമായ വിലക്കിന്റെ അപകടസാധ്യതയുണ്ടാക്കുന്നു.
ഇന്ത്യയിലെ നിയമനങ്ങള്‍ നിര്‍ത്തുക' എന്ന അമേരിക്കന്‍ കമ്പനികളോടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ സമീപകാല ആഹ്വാനം രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ബ്ലൈന്‍ഡിന്റെ സര്‍വേയില്‍ യുഎസ് ആസ്ഥാനമായുള്ള 63 ശതമാനം പ്രൊഫഷണലുകളും ഈ നീക്കം തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടതായി കണ്ടെത്തി. പ്രതികരിച്ചവരില്‍ 69 ശതമാനം പേരും ഇത് തങ്ങളുടെ കമ്പനികളെ ദോഷകരമായി ബാധിക്കുമെന്ന് വ്യക്തമാക്കി.
