എക്‌സിക്യൂട്ടീവ് ഡയറക്ടറെ ഒഴിവാക്കിയത് ഇന്ത്യയുടെ തീരുമാനം: ഐഎംഎഫ്
- കാലാവധി അവസാനിക്കാന്‍ ആറ് മാസം ശേഷിക്കെയാണ് സുബ്രഹ്‌മണ്യന്റെ സേവനം അവസാനിപ്പിച്ചത്
- അദ്ദേഹത്തെ ഒഴിവാക്കിയതിന്റെ കാരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ വി സുബ്രഹ്‌മണ്യന്റെ സേവനം അവസാനിപ്പിക്കാന്‍ എടുത്ത തീരുമാനം ഇന്ത്യയുടേതാണെന്ന് ഐഎംഎഫ്. മൂന്ന് വര്‍ഷത്തെ കാലാവധി അവസാനിക്കാന്‍ ആറ് മാസം ശേഷിക്കെയാണ് സുബ്രഹ്‌മണ്യന്റെ സേവനം ഇന്ത്യ ഒഴിവാക്കിയത്. 2025 ഏപ്രില്‍ 30 മുതല്‍ പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വന്നു. എങ്കിലും, സുബ്രഹ്‌മണ്യന്റെ പുറത്തുപോകലിന്റെ കാരണങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
'എക്‌സിക്യൂട്ടീവ് ബോര്‍ഡിലെ ഏതൊരു അംഗത്തെയും നിയമിക്കുന്നതും പിരിച്ചുവിടുന്നതും അംഗരാജ്യങ്ങള്‍ എടുക്കേണ്ട തീരുമാനമാണ്. ഇ.ഡി. സുബ്രഹ്‌മണ്യനെ പിരിച്ചുവിടുന്നത് ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനമാണ്. അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങളില്‍ ഞങ്ങള്‍ ആശംസകള്‍ നേരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു,' ഐഎംഎഫ് വക്താവ് പറഞ്ഞു.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ 'ഇന്ത്യ@100: എന്‍വിഷനിങ് ടുമാറോസ് ഇക്കണോമിക് പവര്‍ഹൗസ്' എന്ന പുസ്തകത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഉണ്ടായതായി പറയപ്പെടുന്ന ചില നിയമവിരുദ്ധ നീക്കങ്ങളാണ് പുറത്താക്കലിന് പിന്നിലെന്ന് കരുതുന്നു. എന്നാല്‍ ആ ആരോപണം ഇതുവരെ തെളിയിക്കപ്പെടുകയോ സ്ഥിരീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല.
തന്റെ പുസ്തകം വാങ്ങാന്‍ ചില സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സുബ്രഹ്‌മണ്യന്‍ തന്റെ ഔദ്യോഗിക സ്ഥാനം ഉപയോഗിച്ചതായും ആരോപണമുണ്ട്.
2022 നവംബര്‍ 1 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് ഐഎംഎഫില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി (ഇന്ത്യ) സുബ്രഹ്‌മണ്യനെ നിയമിച്ചു. ഇതിനുമുമ്പ്, അദ്ദേഹം സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു.
അംഗരാജ്യങ്ങളോ രാജ്യങ്ങളുടെ ഗ്രൂപ്പുകളോ തിരഞ്ഞെടുക്കുന്ന 25 ഡയറക്ടര്‍മാര്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഇഡിമാര്‍) ഉള്‍പ്പെടുന്നതാണ് ഐഎംഎഫിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ്.
