താരിഫ് നയങ്ങൾ അടിയായി; നവംബറില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍

അമേരിക്കയുടെ താരിഫ് നയങ്ങൾ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് എച്ച് എസ് ബിസി ഹോള്‍ഡിംഗ്‌സ് റിപ്പോര്‍ട്ട്.

Update: 2025-11-21 08:23 GMT

നവംബറിൽ  ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിൽ.  യുഎസിലെ ഉയര്‍ന്ന താരിഫുകള്‍ ഇന്ത്യയെ തുടര്‍ച്ചയായി സമ്മര്‍ദ്ദത്തിലാക്കിയതെന്ന് എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് സര്‍വേ.ഉല്‍പ്പാദന സൂചിക ഒക്ടോബറിലെ 59.2 ല്‍ നിന്ന് നവംബറില്‍ 57.4 ആയി കുറഞ്ഞു. അതേസമയം സേവന  സൂചിക കഴിഞ്ഞ മാസം 58.9 ല്‍ നിന്ന് നവംബറില്‍ 59.5 ആയി ഉയര്‍ന്നു. നിലവിലെ റിപ്പോര്‍ട്ട് പ്രാഥമിക സര്‍വ്വേകളെ അടിസ്ഥാനമാക്കിയുളളതാണ്. അടുത്ത മാസം അന്തിമ പിഎംഐ കണക്കുകള്‍ പുറത്തുവിടുമ്പോള്‍ ഡാറ്റ പരിഷ്‌കരിച്ചേക്കാം.

പുതിയ ഓര്‍ഡറുകളിലെയും ബിസിനസ് പ്രവര്‍ത്തനങ്ങളിലെയും വികാസം മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും മന്ദഗതിയിലായിട്ടുണ്ടെന്നാണ്   എച്ച്എസ്ബിസി റിപ്പോര്‍ട്ട് നൽകുന്ന സൂചന. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇടിവ് പ്രകടമായി.

 അമേരിക്കൻ  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫുകള്‍ തൊഴില്‍ കേന്ദ്രീകൃത വ്യവസായങ്ങളെ ബാധിച്ചു. ഇത് മൂലം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യുഎസിലേക്കുള്ള കയറ്റുമതി ഒക്ടോബറില്‍ 8.6 ശതമാനം ഇടിഞ്ഞു. താരിഫുകളും ആഗോള വ്യാപാര അനിശ്ചിതത്വങ്ങളും ഒക്ടോബറില്‍ ഇന്ത്യയുടെ വ്യാപാര കമ്മി റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചു.

സെപ്റ്റംബറില്‍ ചരക്ക് സേവന നികുതിയില്‍ വരുത്തിയ കുറവുകള്‍ മിക്ക വീട്ടുപകരണങ്ങളുടെയും വില കുറച്ചിരുന്നു. അമേരിക്കയുടെ താരിഫ് ആഘാതങ്ങള്‍ നികത്താന്‍ സഹായിക്കുകയും ചെയ്തു. എന്നിരുന്നാലും, നിര്‍മ്മാണ മേഖലയിലെ മൊത്തത്തിലുള്ള പുതിയ ഓര്‍ഡറുകള്‍ 'മന്ദഗതിയിലാണെന്ന് റിപ്പോർട്ട്  സൂചിപ്പിക്കുന്നു.


Tags:    

Similar News