ഇന്ത്യയുടെ ജിഡിപി 6.7 ശതമാനത്തിലെത്തും
സ്വകാര്യ നിക്ഷേപത്തിലെ കുറവും മന്ദഗതിയിലുള്ള വ്യാവസായ പ്രവര്‍ത്തനങ്ങളും സമ്പദ് വ്യവസ്ഥയ്ക്ക് വിനയായി
ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയുടെ ജിഡിപി 6.7 ശതമാനമോ അതില്‍ കൂടുതലോ കുറയാന്‍ സാധ്യതയുണ്ടെന്നാണ് റോയിട്ടേഴ്സ് സര്‍വ്വേ സൂചിപ്പിക്കുന്നത്. സ്വകാര്യ നിക്ഷേപത്തിലെ കുറവും വ്യാവസായിക പ്രവര്‍ത്തനങ്ങളിലെ ദുര്‍ബലതയും സര്‍ക്കാര്‍ ചെലവിലെ തിരിച്ചുവരവിനെ പ്രതിരോധിച്ചതായാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്. തൊട്ട് മുന്‍ പാദത്തില്‍ ജിഡിപി വളര്‍ച്ച 7.4 ശതമാനമായിരുന്നു.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൂലധന ചെലവ് വര്‍ദ്ധിപ്പിച്ചിട്ടും ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തല്‍. ദുര്‍ബലമായ ഉപഭോക്തൃ ഡിമാന്‍ഡ് സ്വകാര്യ നിക്ഷേപത്തെ പരിമിതപ്പെടുത്തി. ജൂണ്‍ മാസത്തെ ഡാറ്റ പ്രകാരം മൂലധന ചെലവ് വര്‍ഷം തോറും 52% വര്‍ദ്ധിച്ച് ഏകദേശം 2.8 ട്രില്യണ്‍ രൂപയായി. തൊഴില്‍ ആശങ്കകളും വളര്‍ച്ചയെ തടഞ്ഞു. ഉപഭോക്തൃ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതിനായി ദൈനംദിന സാധനങ്ങള്‍ക്കും ചെറു കാറുകള്‍ക്കും ഉപഭോഗ നികുതി കുറയ്ക്കാന്‍ മോദി നിര്‍ദ്ദേശിച്ചിരുന്നു.
റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റുകള്‍ കുറച്ചുകൊണ്ട് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടായി. എന്നാല്‍ പല സ്വകാര്യ ബാങ്കുകളും ഇതുവരെ കുറഞ്ഞ നിരക്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടില്ലെന്നാണ് വസ്തുത.