ഉത്പാദന മേഖലയിലെ പിഎംഐ 26 മാസത്തെ ഉയര്‍ച്ചയില്‍, തൊഴിലവസരങ്ങളിൽ പ്രതിഫലിക്കുന്നില്ല
മുംബൈ: ഇന്ത്യയുടെ ഉത്പാദന മേഖല ഡിസംബറിലും നേട്ടം നിലനിര്‍ത്തി. എസ് ആന്‍ഡ് പി ഗ്ലോബല്‍ പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡെക്സ് (പിഎംഐ) നവംബറിലെ 55.7 ല്‍ നിന്നും 57.8 ആയി ഉയര്‍ന്നു. ഇത് 2020 ഒക്ടോബറിനുശേഷമുള്ള ഉയര്‍ന്ന നിലയാണ്. ഉത്പാദന സൂചിക 50 ന് മുകളിലാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പ്രവര്‍ത്തനങ്ങള്‍ പുരോഗതി നേടുന്നുണ്ടെന്നാണ്. തുടര്‍ച്ചയായി 18-ാമത്തെ മാസമാണ് രാജ്യത്തെ ഉത്പാദന മേഖലയിലെ പിഎംഐ 50 നു മുകളിലെത്തുന്നത്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന 57.8 എന്ന മാനുഫാക്ച്ചറിംഗ് പിഎംഐ 26 മാസത്തെ ഉയര്‍ന്ന കണക്കാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതാണ് 2022 ന്റെ അവസാനം മാനുഫാക്ച്ചറിംഗ് മേഖലയിലെ ഈ നേട്ടത്തിനു കാരണം.
പുതിയ ഓര്‍ഡറുകളും, ഉത്പാദനം വര്‍ധിച്ചതും ഉത്പാദന മേഖലയിലെ ഈ നേട്ടത്തിന് കാരണമായി. ആഗോള ഡിമാന്‍ഡ് മന്ദഗതിയിലായത് കയറ്റുമതിയെ ബാധിച്ചതിനാല്‍ കയറ്റുമതി അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ് ഡിസംബറില്‍ ഉയര്‍ന്നത്. എന്നിരുന്നാലും, ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും, തൊഴില്‍ വിപണിയിലെ സാഹചര്യങ്ങളില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. കാരണം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ നിരക്ക് മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് എത്തിയത്.
നിര്‍മ്മാണ ചെലവുമായി ബന്ധപ്പെട്ട പണപ്പെരുപ്പം (ഇന്‍പുട്ട് കോസ്റ്റ്) ഡിസംബറില്‍ താരതമ്യേന കുറഞ്ഞ നിലയിലായിരുന്നു. നിര്‍മ്മാതാക്കള്‍ 2022 പകുതിയോടെയാണ് അവരുടെ ഉത്പന്നങ്ങളുടെ വില ഉയര്‍ത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ന്നെങ്കിലും അത് നവംബറിനെ അപേക്ഷിച്ച് വളരെ മന്ദഗതിയിലായിരുന്നു. അഞ്ചുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് വിദേശത്തു നിന്നുള്ള പുതിയ ഓര്‍ഡറുകള്‍ ലഭിച്ചത്. കമ്പനികളില്‍ പലതും കയറ്റുമതി വിപണിയിലെ പുതിയ ഓര്‍ഡറുകള്‍ നിലനിര്‍ത്താന്‍ ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു.
ഇതോടെ 2023 നെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ മുതലാണ് കയറ്റുമതി സൂചികയില്‍ ഇടിവ് സംഭവിച്ചത്. അത് കഴിഞ്ഞ ഏഴര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഇടിവായിരുന്നു. പക്ഷേ, കമ്പനികള്‍ 2023 ലെ ഉത്പാദനത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തിലാണ്. പരസ്യവും, ഡിമാന്‍ഡിലുണ്ടാകുന്ന ഉണര്‍വുമാണ് വളര്‍ച്ചയ്ക്കുള്ള നിര്‍ണായക അവസരങ്ങളെന്നാണ് ഈ മേഖലയിലെ അഭിപ്രായം.
