സേവന മേഖലയുടെ വളര്‍ച്ച 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

  • സേവന കയറ്റുമതിയില്‍ വ്യാപക വളര്‍ച്ച
  • സംയോജിത പിഎംഐ-യും 13 വര്‍ഷത്തെ ഉയര്‍ച്ചയില്‍
  • സേവനങ്ങളുടെ വിലയില്‍ പരിമിത വര്‍ധന മാത്രം

Update: 2023-08-03 09:30 GMT

ഇന്ത്യയുടെ സേവന മേഖലയുടെ വളർച്ച ജൂലൈയിൽ 13 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്ന്  എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ സർവീസസ് പിഎംഐ വ്യക്തമാക്കുന്നു. ജൂണിലെ 58.5ൽ നിന്ന് പിഎംഐ ജൂലൈയിൽ 62.3 ആയി ഉയർന്നു, ഇത് 2010 ജൂണിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ്. തുടർച്ചയായ 24-ാം മാസമാണ് സേവന പിഎംഐ വളര്‍ച്ച രേഖപ്പെടുത്തുന്നത്. 50നു മുകളിലുള്ള പിഎംഐ വളര്‍ച്ചയെയും അതിനു താഴെയുള്ളത് സങ്കോചത്തെയും സൂചിപ്പിക്കുന്നു. 

"സേവനമേഖലയുടെ പ്രതിരോധശേഷി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഊർജസ്വലമാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു. ജൂലൈയിലെ പിഎംഐ ഫലങ്ങൾ രണ്ടാം പാദത്തിലെ ജിഡിപിയിലേക്ക് ഈ മേഖലയില്‍ നിന്നുവരുന്ന ശ്രദ്ധേയമായ സംഭാവനയെ ചൂണ്ടിക്കാണിക്കുന്നു," എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു.

ജൂലൈ മാസത്തിൽ ഇന്ത്യൻ സേവനങ്ങൾക്കുള്ള ആവശ്യകത 13 വർഷത്തിനിടയിലെ ഏറ്റവും വലിയ അളവിൽ മെച്ചപ്പെട്ടു, സർവേയിൽ പങ്കെടുത്തവരിൽ 29 ശതമാനം പേരും പുതിയ ബിസിനസ്സുകളില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. "ആഭ്യന്തര, അന്തർദേശീയ വിപണികളിലെ വിൽപ്പനയിലുണ്ടായ വ്യാപകമായ വർധന ഏറെ ശുഭകരമായ കാര്യമാണ്, പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍. ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, യുഎഇ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്കുള്ള സേവന കയറ്റുമതിയിൽ വ്യാപകമായ ഉയർച്ചയാണ് കമ്പനികൾ രേഖപ്പെടുത്തിയത്." ലിമ പറഞ്ഞു.

സമ്മര്‍ദമായി പണപ്പെരുപ്പം

ജൂലൈയില്‍ പണപ്പെരുപ്പ സമ്മര്‍ദം ശക്തമായി. ഭക്ഷണം, തൊഴിൽ, ഗതാഗത ചെലവുകൾ എന്നിവയില്‍ വിലക്കയറ്റം പ്രകടമായി. എങ്കിലും സേവനങ്ങളുടെ വിലയില്‍ പരിമിത വര്‍ധന മാത്രമാണുണ്ടായത്. വിലനിര്‍ണയത്തില്‍ ജാഗ്രതാപൂര്‍ണമായ സമീപനം കമ്പനികള്‍ പുലര്‍ത്തുകയായിരുന്നു. 

തൊട്ടു മുന്‍ മാസങ്ങള്‍ക്കു സമാനമായി സേവന മേഖലയിലെ തൊഴിലവസരങ്ങൾ നേരിയ തോതിൽ വികസിച്ചു. പാർട്ട് ടൈം, ഫുൾ ടൈം, പെർമനന്റ്, താൽകാലികം എന്നിങ്ങനെയുള്ള നിയമനങ്ങള്‍ കമ്പനികള്‍ തുടര്‍ന്നു. അടുത്ത ഒരു വര്‍ഷത്തെ കുറിച്ച് ശരാശരി ശുഭാപ്തി വിശ്വാസമാണ് സേവന മേഖലയിലെ കമ്പനികള്‍ പുലര്‍ത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

അതേസമയം, മാനുഫാക്ചറിംഗ് മേഖലയെയും സേവന മേഖലയെയും കൂട്ടിച്ചേര്‍ത്ത് കണക്കാക്കുന്ന എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ സംയോജിത പിഎംഐ  ജൂണിലെ 59.4 ൽ നിന്ന് ജൂലൈയിൽ 61.9 ആയി ഉയർന്നു. ഇതും 13 വര്‍ഷത്തിലെ ഉയര്‍ന്ന വളര്‍ച്ചയാണ്. ഏകദേശം 400 സേവനമേഖലാ കമ്പനികളില്‍ നിന്ന് വിവരം ശേഖരിച്ചാണ് പിഎംഐ തയാറാക്കുന്നത്. 

Tags:    

Similar News