പണപ്പെരുപ്പം 4.87; ഉള്ളിവില കുത്തനേ കൂടി, തക്കാളിവില കുറഞ്ഞു

  • ഒക്റ്റോബറിലെ വിലക്കയറ്റം 5 മാസത്തെ താഴ്ചയില്‍
  • ഉരുളക്കിഴങ്ങ് വില കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നു

Update: 2023-11-14 02:27 GMT

ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക (സി‌പി‌ഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്‌ടോബറിൽ 4.87 ശതമാനമായി കുറഞ്ഞു, അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ കണക്കാണിത്. ഇന്നലെ വൈകിട്ട് സ്‍റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലമാണ് രാജ്യത്തെ ചെറുകിട വിപണിയിലെ വിലക്കയറ്റ കണക്കുകള്‍ പുറത്തുവിട്ടത്.

സെപ്റ്റംബറില്‍ 5.02 ആയിരുന്നു പണപ്പെരുപ്പം. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒക്റ്റോബറിൽ പണപ്പെരുപ്പം 5 ശതമാനത്തിന് താഴേക്ക് എത്തുന്നത്. പ്രധാന പണപ്പെരുപ്പം തുടർച്ചയായി രണ്ടാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) സഹനപരിധിയായ 2-6 ശതമാനത്തിൽ തുടർന്നുവെങ്കിലും, ഇപ്പോൾ തുടർച്ചയായി 49 മാസമായി ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണ്.

കരയിച്ച് ഉള്ളി, ആശ്വാസമായി തക്കാളി

മുന്‍വര്‍ഷം ഒക്റ്റോബറിലെ ഉയര്‍ന്ന വില നിലവാരവും ചില ഇനങ്ങളുടെ വില കുറഞ്ഞതുമാണ് പണപ്പെരുപ്പ കണക്കുകളെ താഴോട്ടേക്ക് എത്തിച്ചത്. പച്ചക്കറികളുടെ വിലനിലവാരം സെപ്റ്റംബറിനെ അപേക്ഷിച്ച്  3.4 ശതമാനം ഉയർന്നു. പ്രധാനമായും ഉള്ളി വിലയിലാണ് വര്‍ധനയുണ്ടായത്. സെപ്റ്റംബറിനെ അപേക്ഷിച്ച് ഉള്ളിവില 15 ശതമാനം കയറി.

അതേസമയം, മറ്റ് രണ്ട് പ്രധാന പച്ചക്കറികളായ ഉരുളക്കിഴങ്ങും തക്കാളിയും  പണപ്പെരുപ്പ വളർച്ചയെ താഴോട്ട് വലിച്ചു. സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ ഉരുളക്കിഴങ്ങിന്റെ വിലയിൽ മാറ്റമില്ലെങ്കിലും തക്കാളിയുടെ വില 19 ശതമാനം കുറഞ്ഞു.

മുട്ടയുടെ വിലയിൽ 3.4 ശതമാനം വർധന മുന്‍ മാസത്തെ അപേക്ഷിച്ച് രേഖപ്പെടുത്തി. ഭക്ഷ്യ എണ്ണകളുടെസൂചിക, ഒക്ടോബറിൽ 0.8 ശതമാനം ഇടിഞ്ഞു. മൊത്തത്തിൽ, ഒക്ടോബറിലെ ഭക്ഷ്യവിലപ്പെരുപ്പം 6.61 ശതമാനമായിരുന്നു, സെപ്റ്റംബറിലെ 6.62 ശതമാനത്തിൽ നിന്ന് ചെറിയ മാറ്റം മാത്രമാണ് ഉണ്ടായത്. 

ഭക്ഷ്യേതര വിഭാഗങ്ങളില്‍ ഇടിവ്

ഭക്ഷ്യവസ്തുക്കൾ ഒഴികെയുള്ള ഉല്‍പ്പന്ന വിഭാഗങ്ങളുടെ സൂചിക ഇടിയുകയാണ് ഉണ്ടായിട്ടുള്ളത്. ഇത് മുഖ്യ പണപ്പെരുപ്പം, അതായത് ഭക്ഷണവും ഇന്ധനവും ഒഴികെയുള്ള ഇനങ്ങളുടെ പണപ്പെരുപ്പ കണക്ക് സെപ്റ്റംബറിലെ 4.5 ശതമാനത്തിൽ നിന്ന് 4.2 ശതമാനമായി കുറയ്ക്കാൻ സഹായിച്ചു.

എന്നാല്‍ സെപ്തംബറിൽ 0.1 ശതമാനം കുറഞ്ഞ ഭവന സൂചിക  0.9 ശതമാനം ഉയർന്നു. 'വസ്ത്രങ്ങളും പാദരക്ഷകളും' 'പലവക' തുടങ്ങിയ വിഭാഗങ്ങളില്‍ മുന്‍മാസത്തെ അപേക്ഷിച്ച് 0.4 ശതമാനവും 0.1 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി.

Tags:    

Similar News