തക്കാളിയല്ല, പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കാന്‍ പോകുന്നത് ധാന്യങ്ങളുടെ ക്ഷാമം

  • ബസുമതി ഇതര അരിയുടെ കയറ്റുമതി നിയന്ത്രണം ഒഴിവാക്കാന്‍ ഇന്ത്യയോട് ഐഎംഎഫ് അഭ്യര്‍ത്ഥിച്ചു
  • ഇന്ത്യയില്‍ നിന്നുള്ള ബസുമതി ഇതര വെള്ള അരിയുടെ മൊത്തം കയറ്റുമതി 2022-23-ല്‍ 4.2 മില്യന്‍ ഡോളറിന്റേതായിരുന്നു
  • ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 5.5 ശതമാനത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്

Update: 2023-07-26 06:56 GMT

രാജ്യത്ത് സമീപകാലത്ത് തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വിലവര്‍ദ്ധന പണപ്പെരുപ്പം ഉയര്‍ത്തുമെന്ന ആശങ്ക പടര്‍ത്തിയിരുന്നു. എന്നാല്‍ മറ്റൊരു ഘടകമാണ് പണപ്പെരുപ്പ തോത് ഉയര്‍ത്താന്‍ പോകുന്നതെന്ന് എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വരുന്ന മാസങ്ങളില്‍ ഇന്ത്യ അഭിമുഖീകരിക്കാന്‍ പോകുന്നത് ധാന്യക്ഷാമമായിരിക്കും. ഇത് ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയില്‍ പണപ്പെരുപ്പ തോത് ഉയര്‍ത്തും. പച്ചക്കറികളുടെ വിലയിലുണ്ടായ വര്‍ധന അടുത്ത ദിവസങ്ങളില്‍ കുറയുമെന്നും എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സിന്റെ റിപ്പോര്‍ട്ട് പറഞ്ഞു.

സാമ്പത്തിക വിദഗ്ധരായ പ്രഞ്ജുല്‍ ഭണ്ഡാരിയും ആയുഷി ചൗധരിയും ഉയര്‍ത്തിക്കാട്ടുന്നത് പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടെങ്കിലും, യഥാര്‍ത്ഥ പ്രശ്‌നം തക്കാളിയല്ല, അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള ധാന്യങ്ങളുടേതാണ്. അവ ഉപഭോക്തൃ വില സൂചികയുടെ 10 ശതമാനത്തോളം വരുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

2024 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തേയ്ക്ക് എച്ച്എസ്ബിസി അതിന്റെ പണപ്പെരുപ്പ പ്രവചനം 5 ശതമാനമായിരിക്കുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ധാന്യങ്ങളുടെ പണപ്പെരുപ്പം ഉയര്‍ന്നാല്‍ പ്രവചനങ്ങള്‍ക്ക് അപ്പുറത്തേയ്ക്ക് കാര്യങ്ങള്‍ പോകുമെന്നും റിപ്പോര്‍ട്ട് വിശദമാക്കി.

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ വേണ്ടത്ര നെല്ല് വിതയ്ക്കാത്തതും തെക്ക്, കിഴക്കന്‍ മേഖലകളില്‍ വേണ്ടത്ര മഴ ലഭിക്കാത്തതും നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ തുടര്‍ന്നുള്ള ആഴ്ചകളിലെ മഴയും നെല്ല് വിതയ്ക്കലും നിര്‍ണായക ഘടകങ്ങളായിരിക്കും. ഇത് അരിക്ക് പകരക്കാരനായി വര്‍ത്തിക്കുന്ന ഗോതമ്പിന്റെ ആഗോള വിലയെയും ബാധിക്കും.

ഇന്ത്യയില്‍ ധാന്യവിലയില്‍ കുതിച്ചുചാട്ടത്തിന് സാധ്യത കാണുന്നതിനൊപ്പം റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം ഗോതമ്പിന്റെ വില വര്‍ധിപ്പിക്കാന്‍ കാരണമായേക്കാവുന്ന ഘടകമാണ്. എല്‍ നിനോ കാലാവസ്ഥ പ്രതിഭാസവും വില വര്‍ധനവിലേക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഭക്ഷ്യ വിലയിലെ കുതിച്ചുചാട്ടം ജൂണില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പത്തെ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് തള്ളിവിട്ടിരുന്നു. പണപ്പെരുപ്പത്തിന്റെ ആഘാതം നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കിനു ദീര്‍ഘകാലത്തേക്കു പലിശ നിരക്ക് നിലനിര്‍ത്തേണ്ടി വന്നേക്കാമെന്നും സൂചനയുണ്ട്.

അടുത്ത വര്‍ഷം ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നത് പിടിച്ചുനിര്‍ത്താനുള്ള സമ്മര്‍ദ്ദത്തിലാണു കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വില നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതിയും ഇന്ത്യ നിരോധിച്ചിരുന്നു.

പച്ചക്കറികളുടെ, പ്രത്യേകിച്ച് തക്കാളിയുടെ വിലയില്‍ പ്രതീക്ഷിച്ചതിലും കുത്തനെയുള്ള കുതിച്ചുചാട്ടം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 5.5 ശതമാനത്തിലേക്ക് എത്തിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം ബസുമതി ഇതര അരിയുടെ കയറ്റുമതി നിയന്ത്രണം ഒഴിവാക്കാന്‍ ഇന്ത്യയോട് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയുടെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഭക്ഷ്യവിലയിലെ ചാഞ്ചാട്ടം വര്‍ധിപ്പിക്കുമെന്നാണ് ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് പിയറി-ഒലിവിയര്‍ ഗൗറിഞ്ചാസ് പറഞ്ഞത്.

ഇന്ത്യയില്‍ നിന്നുള്ള ബസുമതി ഇതര വെള്ള അരിയുടെ മൊത്തം കയറ്റുമതി 2022-23-ല്‍ 4.2 മില്യന്‍ ഡോളറിന്റേതായിരുന്നു. മുന്‍ വര്‍ഷം ഇത് 2.62 മില്യന്‍ ഡോളറിന്റേതുമായിരുന്നു. ഇന്ത്യയുടെ ബസ്മതി ഇതര വെള്ള അരി കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളില്‍ യുഎസ്, തായ്‌ലന്‍ഡ്, ഇറ്റലി, സ്‌പെയ്ന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ.

എല്‍ നിനോ പ്രതിഭാസം മൂലം ലോകത്തിന്റെ പല ഭാഗങ്ങളിലും കാര്‍ഷിക ഉല്‍പ്പാദനം വെല്ലുവിളി നേരിടുന്നുണ്ട്. വിയറ്റ്‌നാമില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന അരിയുടെ വില ഈ ആഴ്ച ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.

Tags:    

Similar News