ജിഡിപി;ഏഴ് ശതമാനം വളര്‍ച്ച സാധ്യമാകുമോ?

വെള്ളിയാഴ്ചയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ജിഡിപി കണക്ക് പുറത്ത് വിടുക

Update: 2025-11-23 10:14 GMT

രാജ്യത്തിന്റെ രണ്ടാം പാദ ജിഡിപി കണക്കുകള്‍ ഈയാഴ്ച പുറത്ത് വരും. ഏഴ് ശതമാനം വളര്‍ച്ചയാണ് വിപണി പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ചയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ജിഡിപി കണക്ക് പുറത്ത് വിടുക.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വലിയ വളര്‍ച്ചാ പ്രതീക്ഷയാണ് സാമ്പത്തിക വിദഗ്ധരും റേറ്റിംഗ് ഏജന്‍സികളും പുലര്‍ത്തുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ യഥാര്‍ത്ഥ ജിഡിപി 7.8% ആയി വളര്‍ന്നിരുന്നു. ഇത് 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തിലെ 6.5% വളര്‍ച്ചയെക്കാള്‍ മികച്ച പ്രകടനമാണ്.

അതേസമയം,വളര്‍ച്ച ഏഴ് ശതമാനത്തിലേക്ക് എത്തുമെന്നാണ് ഐസിആര്‍എയുടെ പ്രവചനം. അതായത് ഏപ്രില്‍-ജൂണ്‍ കാലയളവിലെ 7.8 ശതമാനം വളര്‍ച്ചയില്‍ നിന്ന് നേരിയ കുറവായിരിക്കും. എങ്കിലും, സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ശക്തമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സേവന- കാര്‍ഷിക മേഖലകളിലെ വളര്‍ച്ചാ നിരക്കിലെ കുറവാണ് മൊത്തത്തിലുള്ള ജി.ഡി.പി കുറയാനുള്ള പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

സേവന മേഖലയുടെ വളര്‍ച്ച 9.3 ശതമാനത്തില്‍ നിന്ന് 7.4 ശതമാനത്തിലേക്ക് കുറയുമെന്നാണ് പ്രതീക്ഷ. കാര്‍ഷിക മേഖലയില്‍ 3.7 ശതമാനത്തില്‍ നിന്ന് 3.5 ശതമാനത്തിലേക്കും വളര്‍ച്ച കുറഞ്ഞേക്കാം. എന്നാല്‍ ഓഹരി വിപണിയെ സ്വാധീനിക്കുക അറ്റ പരോക്ഷ നികുതി കണക്ക് ആയിരിക്കും. ഈ പാദത്തില്‍ അറ്റ പരോക്ഷ നികുതി വര്‍ഷാടിസ്ഥാനത്തില്‍ കുറയാനാണ് സാധ്യത. ഇത് നികുതി വരുമാനത്തെ ആശ്രയിച്ചിരിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായകമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

രാജ്യത്തിന്റെ മൊത്ത മൂല്യവര്‍ദ്ധനവ് ആദ്യ പാദത്തിലെ 7.6 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി കുറഞ്ഞേക്കാമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. വളര്‍ച്ചാ വേഗം കുറയുന്നതിന്റെ പ്രധാന കാരണം സേവന, കാര്‍ഷിക മേഖലകളിലെ മന്ദതയാണ്.വ്യവസായ മേഖലയിലെ വളര്‍ച്ചാ നിരക്ക് മുന്‍ പാദത്തിലെ 6.3 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായി ഉയര്‍ന്ന് അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചുരുക്കത്തില്‍ വ്യാവസായിക ഉത്പാദനം ശക്തിപ്പെടുന്നതിന്റെ സൂചനകള്‍ വിപണിക്ക് ആശ്വാസകരമാണെങ്കിലും, സേവന മേഖലയിലെ മന്ദതയും നികുതി വരുമാനത്തിലെ കുറവും സാമ്പത്തിക വിദഗ്ദ്ധര്‍ സൂക്ഷ്മമായി വിലയിരുത്തും. 

Tags:    

Similar News