സാമ്പത്തിക രംഗം അസ്ഥിരമോ? വിപണിയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്
കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.7 ശതമാനമായി ഉയരാന്‍ സാധ്യത
നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.7 ശതമാനമായി ഉയരാന്‍ സാധ്യതയെന്നും സാമ്പത്തിക രംഗത്തെ അസ്ഥിരത ഓഹരി വിപണിയില്‍ ആശങ്കയുണ്ടാക്കുമെന്നും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം അളക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സൂചികകളിലൊന്നാണ് കറന്റ് അക്കൗണ്ട് കമ്മി. ഒരു രാജ്യം വിദേശത്തുനിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനായി കൊടുക്കുന്ന പണം, കയറ്റുമതിയിലൂടെ ലഭിക്കുന്ന പണത്തേക്കാള്‍ കൂടുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക വിടവാണിത്. നേരത്തെ ഇത് ജിഡിപിയുടെ 1.2% ആയിരിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഇത് ഗണ്യമായി വര്‍ധിക്കുമെന്നാണ് യൂണിയന്‍ ബാങ്കിന്റെ മുന്നറിയിപ്പ്.
താരിഫ് സമ്മര്‍ദ്ദവും വ്യാപാര കമ്മി വര്‍ദ്ധനയുമാണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്. ആഗോള തലത്തിലെ താരിഫ് സമ്മര്‍ദ്ദങ്ങള്‍ കാരണം നമ്മുടെ വ്യാപാര കമ്മി ഉയര്‍ന്നു നില്‍ക്കുന്നു. ഇത് കയറ്റുമതിക്ക് തിരിച്ചടിയാവുന്നു. കൂടാതെ 2025 ഒക്ടോബറിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി റെക്കോര്‍ഡ് ഉയരമായ 41.68 ബില്യണ്‍ ഡോളറില്‍ എത്തി. ഇത് നമ്മുടെ പ്രതീക്ഷകളെ കവച്ചുവെക്കുന്ന വര്‍ദ്ധനവാണെന്നും ബാങ്ക് വ്യക്തമാക്കി.സാമ്പത്തിക രംഗത്തെ ഈ അസ്ഥിരത ഓഹരി വിപണിയില്‍ ആശങ്കയുണ്ടാക്കാന്‍ സാധ്യതയുണ്ട്.
ഉയര്‍ന്ന കമ്മി എന്നാല്‍ സാധനങ്ങള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ ഡോളര്‍ ചെലവാക്കുന്നു എന്നാണ്. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കാനും ഇറക്കുമതിച്ചെലവ് കൂട്ടാനും സാധ്യതയുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളിലും ഇതിന്റെ പ്രതിഫലനം ഉണ്ടാവുമെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍.
ആഘാതം എങ്ങനെ
1- വിദേശ നിക്ഷേപം: കറന്റ് അക്കൗണ്ട് കമ്മി വിടവുകള്‍ വലുതാകുമ്പോള്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ രാജ്യത്ത് നിന്ന് പണം പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. ഇത് ഓഹരി വിപണിയില്‍ വില്‍പന സമ്മര്‍ദ്ദമുണ്ടാക്കി വിപണിയെ തളര്‍ത്താം.
2-സ്വര്‍ണം: ഉത്സവ സീസണും വിവാഹ ആവശ്യങ്ങളും കാരണം ഒക്ടോബറില്‍ സ്വര്‍ണ്ണ ഇറക്കുമതി റെക്കോര്‍ഡ് തലത്തിലേക്ക് കുതിച്ചുയര്‍ന്നു. ഉയര്‍ന്ന ഡിമാന്‍ഡ് കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
3- ക്രൂഡ് ഓയിലിന്റെ സ്വാധീനം: ഓരോ 10 ഡോളറിന്റെ വിലമാറ്റവും രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് ബാലന്‍സിനെ ഏകദേശം 15 ബില്യണ്‍ ഡോളറിനെ ബാധിക്കും. വില കുറഞ്ഞു നില്‍ക്കുന്നത് ആശ്വാസമാണെങ്കിലും, ക്രൂഡ് ഓയിലിന്റെ വിലയിലെ ചാഞ്ചാട്ടം എപ്പോഴും ഒരു പ്രധാന ഭീഷണിയാണ്.
പ്രതീക്ഷയായി യുഎസ്-ഇന്ത്യ വ്യാപാര കരാര്‍
ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലാണ്. നവംബര്‍ അവസാനത്തോടെ ഇത് യാഥാര്‍ത്ഥ്യമായേക്കാം.ഈ കരാര്‍ വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള തീരുവ 50 ശതമാനത്തില്‍ നിന്ന് 15-16 ശതമാനമായി കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഇത് കാലക്രമേണ ഇന്ത്യയുടെ കയറ്റുമതി അടിത്തറ ശക്തിപ്പെടുത്തുകയും, വ്യാപാര കമ്മി മൂലമുള്ള സമ്മര്‍ദ്ദം ലഘൂകരിക്കുകയും ചെയ്യും.
