പ്രതിശീര്‍ഷ വരുമാനത്തില്‍ ഏവരെയും അമ്പരപ്പിക്കുന്ന ഇസ്രയേല്‍

  • പല വികസിത രാജ്യങ്ങളേക്കാള്‍ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം
  • ഗവേഷണ മേഖലയിലെ കനത്ത നിക്ഷേപവും സാങ്കേതികവിദ്യയുടെ കയറ്റുമതിയും കരുത്തായി
  • ഹൈടെക് മേഖലയിലെ കയറ്റുമതി 2021ല്‍ 17 ബില്യണ്‍ ഡോളര്‍ കടന്നു

Update: 2023-07-05 12:12 GMT

പ്രതിശീര്‍ഷ വരുമാനക്കണക്കില്‍ ലോക രാജ്യങ്ങളെ അമ്പരപ്പിച്ച് ഉയര്‍ച്ച നേടുന്ന രാജ്യമാണ് ഇസ്രയേല്‍. ഇന്ന് അവരുടെ സമ്പദ് വ്യവസ്ഥ പല വികസിത രാജ്യങ്ങളേക്കാള്‍ മികച്ചതുമാണ്. 1948ല്‍ മാത്രം സ്വാതന്ത്ര്യം നേടി സ്വന്തം രാജ്യം കെട്ടിപ്പടുത്ത ഇസ്രായേല്‍ വികസക്കുതിപ്പില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുകയായിരുന്നു.

എണ്ണ സമ്പന്നമായ സൗദി അറേബ്യയുടെ ആളോഹരി വരുമാനത്തിന്റെ ഇരട്ടിയും യുകെ പോലുള്ള 'വികസിത' സമ്പദ്വ്യവസ്ഥകളേക്കാള്‍ കൂടുതലുമാണ് ഇസ്രയേലിന്റെ ഇന്നത്തെ പ്രതിശീര്‍ഷ വരുമാനം.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്ക് ഡാറ്റാബേസ് അനുസരിച്ച്, ഇസ്രായേലിന്റെ പ്രതിശീര്‍ഷ വരുമാനം ഒമ്പത് മടങ്ങ് വര്‍ധിച്ച് 58,273 ഡോളറിലെത്തി. ഇത് ഖത്തറിന് ശേഷം പശ്ചിമേഷ്യയിലെ രണ്ടാമത്തെ ഉയര്‍ന്ന വരുമാനമാണ്. ഖത്തറിന്റെ പ്രതിശീര്‍ഷവരുമാനം 83,890 ഡോളറാണ്. യുകെയുടേത് 46,370 ഡോളറും, ജര്‍മ്മനിയുടേത് 53,800 ഡോളറുമാണ്. ഫ്രാന്‍സും ഇസ്രയേലിനു പിന്നിലാണ്. എണ്ണ സമ്പന്നമായ സൗദി അറേബ്യയുടെ ഏകദേശം രണ്ടിരട്ടിയാണ് ഇസ്രയേലിലെ ഇന്നത്തെ പ്രതിശീര്‍ഷ വരുമാനം. കൂടാതെ അയല്‍ രാജ്യങ്ങളെക്കാള്‍ എല്ലാതലത്തിലും ടെല്‍അവീവ് ബഹുദൂരം മുന്നിലുമാണ്.

നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഇസ്രയേലിനെ പലതരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ബാധിച്ചിരുന്നു - അമിതമായ പണപ്പെരുപ്പം, പ്രതിശീര്‍ഷ വരുമാനത്തിന്റെ സ്തംഭനാവസ്ഥ, ഇറക്കുമതിയെ അമിതമായി ആശ്രയിക്കല്‍ തുടങ്ങിയവ ആയിരുന്നു പ്രതിസന്ധികള്‍. 1984-ല്‍, ഇസ്രായേലിന്റെ പ്രതിശീര്‍ഷ ജിഡിപി ഏകദേശം 6,600 ഡോളറായിരുന്നു. അവിടെനിന്നാണ് അവര്‍ ഉയര്‍ത്തെഴുനേറ്റത്. ഇന്ന് കടക്കെണിയില്‍ അകപ്പെട്ട രാജ്യങ്ങള്‍ ഉയര്‍ച്ചക്കായി ഇസ്രയേല്‍ സ്വീകരിച്ച നടപടികള്‍ പഠിക്കേണ്ടതുതന്നെയാണ്.

1990-കളുടെ അവസാനം മുതല്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഒറ്റ അക്കത്തില്‍ തന്നെ തുടരുന്ന രാജ്യമാണ് അത്. താരതമ്യേന സൗഹാര്‍ദ്ദം കുറഞ്ഞ അയല്‍ രാജ്യങ്ങളാണ് ഇസ്രയേലിന് ചുറ്റുമുള്ളത്. ഒരേ സമയം ഒന്നിലധികം രാജ്യങ്ങളുമായി യുദ്ധം ചെയ്തിട്ടുള്ള രാജ്യമാണത്.

ഈ പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഇസ്രായേല്‍ ലോകത്തിലെ മികച്ച കയറ്റുമതിക്കാരില്‍ ഒന്നായി മാറി. ചതുപ്പ് നിലം മാറ്റിയെടുത്താണ് അവര്‍ വളര്‍ച്ചക്ക് തുടക്കം കുറിച്ചത്. ജലദൗര്‍ലഭ്യം നേരിടുന്ന രാജ്യം കൂടിയാണ് ഇസ്രയേല്‍.

അപ്പോള്‍, എങ്ങനെയാണ് ഇസ്രായേല്‍ ഇത്ര വേഗത്തില്‍ വളര്‍ന്നത്? സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍, ഗവേഷണ-വികസന മേഖലയിലെ കനത്ത നിക്ഷേപം, സാങ്കേതികവിദ്യയുടെ കയറ്റുമതി എന്നിവയും ഭാഗ്യവും അവരെ ഉന്നതിയിലെത്തിച്ചു.

1985-ന്റെ മധ്യത്തില്‍ പണപ്പെരുപ്പ നിരക്ക് ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാല്‍ 1986 തുടക്കത്തോടെ അവിടുത്തെ പണപ്പെരുപ്പം 20ശതമാനമായി കുറഞ്ഞു. ഇസ്രയേലിന്റെ സ്ഥിരത പദ്ധതി ഏറ്റവും വിജയകരമായ ഒന്നാണെന്ന് ഐഎംഎഫ് വരെ അഭിപ്രായപ്പെട്ടു.

വിഭവങ്ങളുടെ പ്രതിസന്ധി നേരിട്ട ഒരു രാജ്യത്തിന്റെ വിജയഗാഥയാണ് ഇസ്രയേലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ദൗര്‍ലഭ്യവും സാമ്പത്തിക പ്രതിസന്ധിയും കൂടിച്ചേര്‍ന്നാണ് ആ രാജ്യത്തെ ഏറ്റവും മികച്ചതും അതിനപ്പുറത്തേക്ക് നീങ്ങാനും പര്യാപ്തമാക്കിയത്. അപര്യാപ്തമായ വിഭവങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചു. അതായിരുന്നു വിജയത്തിന്റെ താക്കോല്‍.

1980കളുടെ തുടക്കത്തില്‍, ഇസ്രയേല്‍ വളരെയധികം പണം ചിലവഴിച്ചു.കൂടുതലും പ്രതിരോധ മേഖലയിലായിരുന്നു. അങ്ങനെ സമ്പദ്വ്യവസ്ഥ വളരെ അപകടവസ്ഥയിലായി.

പൊതുകടം ഇസ്രായേലിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 125 ശതമാനമായിരുന്നു. ഇത് 1985 ആയപ്പോഴേക്കും 157 ശതമാനമായി ഉയര്‍ന്നു- ഐഎംഎഫിന്റെ വര്‍ക്കിംഗ് പേപ്പറിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. 1985ലാണ് സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

പദ്ധതി അനുസരിച്ച് സാമൂഹിക മേഖലയ്ക്കുള്ള സബ്സിഡികള്‍ (ഭക്ഷണവും ഗതാഗതവും) വെട്ടിക്കുറച്ചു, പ്രതിരോധ ചെലവും കുറച്ചു. രാജ്യം അവതരിപ്പിച്ച നിരവധി പരിഷ്‌കാരങ്ങള്‍ക്കൊപ്പം, അത് അതിന്റെ കറന്‍സിയായ ഷെക്കലിന്റെ മൂല്യം കുറയ്ക്കുകയും ചെയ്തു.

1986 മുതല്‍, പണപ്പെരുപ്പ നിരക്ക് ഏകദേശം 23 ശതമാനമായി കുറഞ്ഞപ്പോള്‍ തന്നെ ഫലങ്ങള്‍ ദൃശ്യമായിരുന്നു. പ്രതിശീര്‍ഷ ജിഡിപിയും വളരെ വേഗത്തില്‍ ഉയരാന്‍ തുടങ്ങി.

2006-ല്‍ ഏകദേശം 22,700 ഡോളറായിരുന്നു, 2000-കളുടെ തുടക്കത്തില്‍ ഇസ്രായേല്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് പ്രവേശിച്ചതാണ് ഇതിന് കാരണം. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് ശേഷം, ഇസ്രായേല്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അവസരമൊരുക്കി. സുരക്ഷയ്ക്കും പ്രതിരോധത്തിനുമുള്ള സര്‍ക്കാര്‍ ചെലവ് ജിഡിപിയുടെ 25 ശതമാനത്തില്‍ നിന്ന് 5-6 ശതമാനമായി കുറഞ്ഞു.

2006-ന് ശേഷം ഇസ്രായേലിന്റെ ആളോഹരി വരുമാനത്തിലുണ്ടായ കുതിച്ചുചാട്ടത്തിന് കാരണം, ഉയര്‍ന്ന നിലവാരമുള്ള സാങ്കേതികവിദ്യ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതാണ്. 'എയറോസ്‌പേസ്, കമ്പ്യൂട്ടറുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സയന്റിഫിക് ഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ മെഷിനറികള്‍ തുടങ്ങിയവയും പ്രതിരോധ ഉല്‍പ്പന്നങ്ങളും അവര്‍ ഇന്ന് കയറ്റുമതി ചെയ്യുന്നു.

2007 മുതല്‍ ശേഖരത്തില്‍ ഡാറ്റ ലഭ്യമാണ്. ആ വര്‍ഷം, ഇസ്രയേലിന്റെ ഹൈടെക് കയറ്റുമതി 3.12 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതായിരുന്നു.ഇസ്രയേലിന്റെ ഹൈടെക് കയറ്റുമതി 2021ല്‍ 17 ബില്യണ്‍ ഡോളര്‍ കടന്നു.

1996 ല്‍, ഗവേഷണ-വികസനത്തിനുള്ള ഇസ്രയേലിന്റെ ചെലവ് അതിന്റെ ജിഡിപിയുടെ 2.6 ശതമാനമായിരുന്നു.

ലോകബാങ്കില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നത്, സേവനങ്ങളാണ് ഇപ്പോള്‍ ഇസ്രായേലിന്റെ ജിഡിപിയുടെ 70 ശതമാനത്തിലധികം വരുന്നത് എന്നാണ്. ലോകത്തിലെ മൊത്തം സൈബര്‍ സുരക്ഷാ കയറ്റുമതിയുടെ മൂന്നിലൊന്ന് ഇസ്രായേല്‍ കമ്പനികളുടെ കൈവശമാണ്.

കൂടാതെ വന്‍തോതില്‍ പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്ന രാജ്യം കൂടിയാണ് ഇസ്രയേല്‍.

Tags:    

Similar News