അന്തര്‍സംസ്ഥാന റൂട്ടുകളില്‍ ഓടാൻ സ്വകാര്യബസ് ഓപ്പറേറ്റര്‍മാരെതേടി കെഎസ്ആര്‍ടിസി
- നെറ്റ് കോസ്റ്റ് കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് ഓപ്പറേറ്റര്‍മാരെ തേടുന്നത്
- ദീര്‍ഘദൂര റൂട്ടുകളില്‍ നിലവില്‍ 300 ബസുകളുടെ കുറവ് കെഎസ്ആര്‍ടിസിക്ക് ഉണ്ട്
കെ എസ് ആർ ടി സി യുടെ അന്തർ സംസ്ഥാന റൂട്ടുകളില്‍ ഓടാൻ താല്‍പ്പര്യമുള്ള സ്വകാര്യബസ് ഓപ്പറേറ്റര്‍മാരെ തേടി കോര്‍പ്പറേഷന്‍. ഇതുമായി ബന്ധപ്പെട്ട് ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ഉടന്‍ പുറത്തിറക്കും.
നിലവിലെ വരുമാനം കൊണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ നട്ടം തിരിയുന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ബസുകളുടെ കുറവും ഇതിനു കോർപറേഷനെ പ്രേരിപ്പിക്കുന്ന മറ്റൊരു മുഖ്യ ഘടകമാണെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.
നിലവില്‍ ദീര്‍ഘദൂര റൂട്ടുകളില്‍ 300 ബസുകളുടെ കുറവാണ് കെഎസ്ആര്‍ടിസിക്കുള്ളത്. കര്‍ണാടക, തമിഴ്നാട് ആര്‍ടിസികളുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വിവിധ നഗരങ്ങളില്‍ നിന്ന് ബെംഗളൂരു, ചെന്നൈ തുടങ്ങിയ മെട്രോകളിലേക്ക് സര്‍വീസ് നടത്താന്‍ ആവശ്യമായ 100 ബസുകളും ഇതില്‍ ഉള്‍പ്പെടുന്നു.
നെറ്റ് കോസ്റ്റ് കോണ്‍ട്രാക്ട് (എന്‍സിസി)അടിസ്ഥാനത്തിലാണ് സ്വകാര്യ ഓപ്പറേറ്റര്‍മാരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ കോര്‍പ്പറേഷന്‍ നടത്തുന്നതെന്നാണ് സൂചന. ഇതനുസരിച്ചു, സ്വകാര്യ ബസുകൾ ഒരു നിശ്ചിത കാലാവധിയിൽ കെ എസ് ആർ ടി ക്കുവേണ്ടി സർവീസ് നടത്തും. വരുമാനം മുഴുവൻ അവർക്കായിരിക്കും ലഭിക്കുക.
കെഎസ്ആര്‍ടിസിക്ക് പരിമിതമായ സാന്നിധ്യമുള്ള അന്തര്‍ സംസ്ഥാന റൂട്ടുകളിലാണ് സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ സേവനം പരിഗണിക്കുന്നത്.
ഓപ്പറേറ്റര്‍മാര്‍ കെഎസ്ആര്‍ടിസിക്ക് ലൈസന്‍സ് ഫീസ് നല്‍കുകയും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പാലിക്കുകയും കെഎസ്ആര്‍ടിസിയുടെ ഡ്രസ്‌കോഡ് പാലിക്കുകയും വേണം. ഈ നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എന്‍സിസി അടിസ്ഥാനത്തില്‍ ബസ് ഓപ്പറേറ്റര്‍മാരെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്. പെര്‍മിറ്റ് ലഭിച്ചിട്ടും സ്വന്തമായി ബസുകള്‍ ഓടിക്കാന്‍ കഴിയാത്ത റൂട്ടുകളില്‍ ബസുകള്‍ ഓടിക്കാന്‍ എന്‍സിസി സംവിധാനം കോര്‍പ്പറേഷനെ സഹായിക്കും.
കേരളത്തിലെ നഗരങ്ങളില്‍ നിന്നും ചെറു പട്ടണങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും ഉത്സവ സീസണുകളില്‍ യാത്രക്കാരില്‍ നിന്ന് 5,000 രൂപ വരെ ഈടാക്കുന്ന, സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള, ബസ് ഓപ്പറേറ്റര്‍മാരുടെ നടപടികള്‍ക്ക് ഇത് ഒരു പരിഹാരം ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.
