മാധബി ബുച്ചിന് ലോക് പാലിന്റെ ക്ലീന്‍ ചിറ്റ്
- ബുച്ചിനെതിരെ മൂന്ന് പരാതികളായിരുന്നു ഉണ്ടായിരുന്നത്
- ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ലെന്ന് ലോക്പാല്‍
മുന്‍ സെബി മേധാവി മാധവി പുരി ബുച്ചിന് ലോക്പാല്‍ ക്ലീന്‍ ചിറ്റ് നല്‍കി. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ ലോക്പാല്‍ ബുച്ചിനെതിരായ പരാതികള്‍ തീര്‍പ്പാക്കി. കുറ്റാരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ലെന്നും ലോക്പാല്‍ നിരീക്ഷിച്ചു.
കഴിഞ്ഞ വര്‍ഷം ടിഎംസി എംപി മഹുവ മൊയ്ത്ര സമര്‍പ്പിച്ച പരാതി ഉള്‍പ്പെടെ, പരാതികള്‍ അടിസ്ഥാനപരമായി ഒരു ഷോര്‍ട്ട് സെല്ലര്‍ വ്യാപാരിയുടെ' റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ലോക്പാല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10-ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, അദാനി ഗ്രൂപ്പ് ഉള്‍പ്പെട്ട പണമിടപാട് അഴിമതിയില്‍ ഉപയോഗിച്ച അജ്ഞാതമായ വിദേശ ഫണ്ടുകളില്‍ ബുച്ചിനും ഭര്‍ത്താവിനും ഓഹരിയുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചിരുന്നു.
ഷോര്‍ട്ട് സെല്ലര്‍ മൂലധന വിപണി നിയന്ത്രണ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ആക്രമിക്കുകയും വ്യക്തിത്വഹത്യ നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ് മാധബി ബുച്ച് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
ആരോപണങ്ങളെ ദുരുദ്ദേശ്യപരവും തിരഞ്ഞെടുത്ത പൊതു വിവരങ്ങളുടെ കൃത്രിമത്വവുമാണെന്ന് അദാനി ഗ്രൂപ്പും വിശേഷിപ്പിച്ചിരുന്നു.
ബുധനാഴ്ചത്തെ ഉത്തരവില്‍, പരാതിയിലെ ആരോപണങ്ങള്‍ അനുമാനങ്ങളില്‍ അധിഷ്ഠിതമാണെന്നും പരിശോധിക്കാവുന്ന വസ്തുതകളുടെ പിന്തുണയില്ലെന്നും ലോക്പാല്‍ വ്യക്തമാക്കി.
അതനുസരിച്ച്, ഈ പരാതികള്‍ തീര്‍പ്പാക്കുന്നുവെന്ന് ലോക്പാല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ആറംഗ ബെഞ്ചിന്റെ ഉത്തരവില്‍ പറഞ്ഞു.
ഇതുസംബന്ധിച്ച മുന്‍ ഉത്തരവിനെ പരാമര്‍ശിച്ചുകൊണ്ട്, ബുച്ചിനെതിരെ നടപടിയെടുക്കുന്നതിനുള്ള ഏക അടിസ്ഥാനമായി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് മാത്രം കണക്കാക്കാനാവില്ലെന്ന് ലോക്പാല്‍ പറഞ്ഞു.
2022 മാര്‍ച്ച് 2-ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവിയായി ചുമതലയേറ്റ ബുച്ച്, തന്റെ കാലാവധി പൂര്‍ത്തിയായതിന് ശേഷം ഈ വര്‍ഷം ഫെബ്രുവരി 28-ന് പദവി ഒഴിഞ്ഞിരുന്നു.
