എല്‍പിജി ഇറക്കുമതി 60% ലേക്കുയര്‍ന്നു; സിലിണ്ടര്‍ വില ഇനി കുറയുമോ?
- വിതരണ വെല്ലുവിളികള്‍ ഇന്ത്യയിലെ എല്‍പിജിയുടെ ആവശ്യകതയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.
- ജപ്പാനാണ് വിതരണത്തില്‍ മുന്നിലുള്ളത്.
- ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 24 % പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയാണ്.
രാജ്യത്ത് ലിക്വിഡ് പെട്രോളിയം ഗ്യാസിന്റെ (എല്‍പിജി) ഇറക്കുമതി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്നത് 60 ശതമാനം. ആഭ്യന്തര വിതരണം മന്ദത പ്രാപിക്കുമ്പോഴും ആവശ്യക്കാരുടെ വര്‍ധനയാണ് ഇറക്കുമതിയെ ഇത്രയേറെ ഉയര്‍ത്തിയത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇറക്കുമതി 2017-18 കാലയളവില്‍ 11.4 ദശലക്ഷം മെട്രിക് ടണ്‍ (എംഎംടി) ആയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കൊണ്ട് ഇത് 18.3 ദശലക്ഷം എംഎംടിയിലേക്ക് എത്തിയുരുന്നു. എന്നാല്‍ 2022-23 വരെയുള്ള അഞ്ച് വര്‍ഷം കൊണ്ട് ഉല്‍പ്പാദനം വെറും നാല് ശതമാനം മാത്രമാണ് വളര്‍ന്നത് പക്ഷെ ആവശ്യകതയില്‍ 22 ശതമാനം വര്‍ധനയാണുണ്ടായത്. നിലവിലെ ഈ സാഹചര്യത്തില്‍ പാചകവാതകത്തിന്‍രെ വില കുറയുന്ന സാധ്യത നീണ്ടു പോകുകയാണ്.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കിവരുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ഗാര്‍ഹിക ഉപയോഗം വര്‍ധിപ്പിച്ചത്. ഒരു ദശാംബ്ദം കൊണ്ട് പാചക വാതക ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ച് 320 ദശലക്ഷത്തിലെത്തി നില്‍ക്കുകയാണ്.
ചെലവേറുന്ന ഇറക്കുമതി
എല്‍പിജി ഇറക്കുമതിക്ക് 2022-23 ല്‍ ചെലവായത് 13.3 ബില്യണ്‍ ഡോളറാണ്. അഞ്ച് വര്‍ഷം മുന്‍പ് 5.8 ബില്യണ്‍ ഡോളറായിരുന്നു. അന്താരാഷ്ട്ര വില അഞ്ച് വര്‍ഷം കൊണ്ട് 46 ശതമാനം ഉയര്‍ന്നു. മെട്രിക്ക് ടണ്ണിന് 711.50 ഡോളറില്‍ എത്തി നില്‍ക്കുകയാണിപ്പോള്‍. ഇവിടെ പണികിട്ടുന്നത് രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരത്തിനാണ്. ഉപഭോഗം വര്‍ധിക്കുകയും ഇറക്കുമതി കൂടുകയും ചെയ്താല്‍ പ്രതിസന്ധികള്‍ രൂക്ഷമാകും.
ലാഭം നേടുന്ന വിതരണക്കാര്‍
യുഎഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 95 ശതമാനവും കയ്യാളുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ രംഗത്തേക്ക് അമേരിക്ക കൂടി കടന്നു വന്നിട്ടുണ്ടെന്ന് ഇന്റര്‍ നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) ഡാറ്റാ വ്യക്തമാക്കുന്നു. ഇന്ത്യയുടെ മൊത്തം എല്‍പിജി ഇറക്കുമതിയുടെ ഏകദേശം മൂന്നിലൊന്നാണ് കഴിഞ്ഞ വര്‍ഷം യുഎഇ ഇന്ത്യയിലേക്ക് എത്തിച്ചത്. 2017 മുതല്‍ യുഎഇയുടെ വിതരണം ക്രമാനുഗമമായി വര്‍ധിച്ചുവരികയാണ്. എന്നാല്‍ 2012-13ല്‍ ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 99 ശതമാനവും മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളില്‍ നിന്നായിരുന്നു.
ദീര്‍ഘകാല കരാറുകളുടെ ഭാഗമായാണ് സൗദി എല്‍പിജി ഇന്ത്യയിലെത്തുന്നത്. എന്നാല്‍ യുഎഇ, ഖത്തര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള എല്‍പിജി സ്‌പോര്‍ട്ട് മാര്‍ക്കറ്റ് വഴിയാണ് വില്‍പ്പന.
ആഭ്യന്തര വിപണി
രാജ്യത്തെ എല്‍പിജിയുടെ 90 ശമതാനവും ഗാര്‍ഹികാവശ്യങ്ങള്‍ക്കാണ് ഉപോഗിക്കുന്നത്. വെറും പത്ത് ശതമാനം മാത്രമാണ് വാണിജ്യ-വ്യവസായ ഉപഭോക്താക്കളുടെ പങ്ക് വരുന്നത്. ഉത്തര്‍പ്രദേശാണ് ഉപഭോഗത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം. രാജ്യത്തെ മൊത്തം ഉപഭോഗത്തിന്റെ 13 ശതമാനം വരുമിത്. 12 ശമതാനം ഉപഭോഗവുമായി മഹാരാഷ്ട്രയാണ് രണ്ടാമത്.
വില വര്‍ധന
വാണിജ്യാവശ്യത്തിനുള്ള എല്‍പിജി പാചകവാതക സിലിണ്ടറിന് (19 കിലോഗ്രാം) കഴിഞ്ഞ ദിവസം 15.50 രൂപ വര്‍ധിപ്പിച്ചു. ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റിന് തൊട്ട് മുന്‍പായിരുന്നു ഈ വില വര്‍ധന. ഇതോടെ കൊച്ചിയില്‍ വില 1,781.50 രൂപയായി. അതേസമയം ഡിസംബര്‍ 22ന് 39.50 രൂപ കുറച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടര്‍ നിരക്കില്‍ മൂന്നു മാസമായി കൊച്ചിയില്‍ 910 രൂപയായി മാറ്റമില്ലാതെ തുടരുകയാണ്. പൊതു തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വില കുറയും എന്ന പ്രീതീക്ഷക്ക് മുകളിലാണ് ഇപ്പോല്‍ പ്രഹരമേറ്റിരിക്കുന്നത്.
