അക്രമം: മണിപ്പൂരില്‍ സാധനവില കുതിച്ചു; പെട്രോള്‍ ലിറ്ററിന് 200 രൂപ

  • ബാങ്കുകളിലും എടിഎമ്മുകളിലും പണമില്ലാത്ത അവസ്ഥ
  • ജീവന്‍രക്ഷാ മരുന്നുകള്‍ക്കും കടുത്ത ക്ഷാമം
  • ദേശീയ പാത കലാപകാരികള്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് പ്രതിസന്ധി

Update: 2023-06-06 08:19 GMT

നിലയ്ക്കാത്ത അക്രമങ്ങള്‍ മണിപ്പൂരില്‍ അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് വഴിയൊരുക്കി. സംസ്ഥാനത്ത് എല്ലാറ്റിനും വിലകുതിച്ചുയരുകയാണ്. ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. പെട്രോള്‍ ലിറ്ററിന് 200രുപ കടന്നതോടെ സാധാരണ ജനജീവിതം താറുമാറായി.

മലയോരമേഖലയിലെ ബാങ്കുകളിലും എടിഎമ്മുകളിലും പണമില്ലാത്ത അവസ്ഥകൂടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒരു മാസംമുമ്പ് മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമം സംസ്ഥാനത്തിന്റെ സമാധാനം മാത്രമല്ല സാമ്പത്തിക നിലയും തകര്‍ത്തു എന്നതിന് ഉദാഹരണങ്ങളാണ് മേല്‍പ്പറഞ്ഞവയെല്ലാം.

ദേശീയ പാത നമ്പര്‍ രണ്ട് കലാപകാരികള്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് സപ്ലൈ ചെയിന്‍ വിച്ഛേദിക്കപ്പെട്ടത്. തടസം ഒഴിവാക്കുന്നതിനായി രാഷ്ട്രീയ നേതൃത്വം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് വഴങ്ങിയിട്ടില്ല.

വഴി തടഞ്ഞതോടെ ഇംഫാലിലേക്കുള്ള ട്രക്കുകളുടെ വരവ് പൂര്‍ണമായും നിലച്ചു. പമ്പുകളില്‍ ഇന്ധനം ലഭ്യമല്ലാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പകരം കരിഞ്ചന്തയില്‍ കിട്ടുന്ന പെട്രോള്‍ ലിറ്ററിന് 200രുപയ്ക്ക് മുകളില്‍ വില്‍ക്കുന്നു.

തുറക്കുന്ന പമ്പുകള്‍ക്കുമുന്നില്‍ നീണ്ട ക്യൂ കാണാം.

അരിവില 30 രൂപയില്‍ നിന്ന് 60 രൂപയായി ഉയര്‍ന്നപ്പോള്‍ ഉള്ളിയുടെ വില 30 രൂപയില്‍ നിന്ന് 70 രൂപയായാണ് വര്‍ധിച്ചത്. ഉരുളക്കിഴങ്ങിന് കിലോയ്ക്ക് 25 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. പത്ത് രൂപയ്ക്കും ഇപ്പോള്‍ മുട്ട കിട്ടാനുമില്ല. മുന്‍പ് ഇതിന്റെ പകുതിയായിരുന്നു മാര്‍ക്കറ്റ് വില.

അതിനിടെ, ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും കൗണ്ടര്‍ മരുന്നുകള്‍ക്കും ക്ഷാമം രൂക്ഷമാണ്. ആളുകള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങി പൂഴ്ത്തിവെക്കുന്ന അവസ്ഥയിലേക്കാണ് സ്ഥിതിഗതികള്‍ നീങ്ങുന്നത്.

രണ്ട് സമുദായങ്ങളിലെയും ആളുകള്‍ അഭയം പ്രാപിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ല്ലാവര്‍ക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. കൂടാതെ പലര്‍ക്കും പട്ടിണി കിടക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു.

ഈ ക്യാമ്പുകളില്‍ പലരും രോഗബാധിതരുമാണ്. വൈദ്യസഹായവും ലഭ്യമാകുന്നില്ല.

എല്ലാ ദിവസവും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് നിലവില്‍ കര്‍ഫ്യൂവിലുള്ള ഇളവ്. ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഈ സമയം അവശ്യവസ്തുക്കളും മരുന്നുകളും വാങ്ങാന്‍ ആളുകള്‍ നെട്ടോട്ടമോടേണ്ട സാഹചര്യം സൃഷ്ടിക്കുന്നു.

എടിഎമ്മുകളില്‍ പണമില്ലാതാവുകയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകള്‍ സര്‍ക്കുലേഷനില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തതും തിരിച്ചടിയായിട്ടുണ്ട്.

ഇന്റര്‍നെറ്റ് ഇല്ലെന്നതിനാല്‍, മണിപ്പൂരിലെ ജനങ്ങള്‍ നിരവധി പ്രശ്‌നങ്ങളുമായാണ് പോരാടുന്നത്. കര്‍ഫ്യൂവിന്റെ ആദ്യ ദിവസങ്ങളില്‍ ഏതാനും മണിക്കൂറുകള്‍ ബാങ്കുകള്‍ തുറന്നിരുന്നു.

കര്‍ഫ്യൂ ഇളവുകള്‍ അവസാനിക്കുന്നതിന് മുമ്പ് ആവശ്യമായ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കാന്‍ ആളുകള്‍ ബാങ്കുകളിലേക്ക് ഓടിക്കയറി. എന്നിരുന്നാലും, പുതിയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ബാങ്കുകള്‍ അടച്ചു.

സംഘര്‍ഷം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി ദുരിതാശ്വാസ-പുനരധിവാസ പാക്കേജ് തയ്യാറാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സമാധാനം പുനഃസ്ഥാപിച്ചശേഷം മാത്രമെ ഇത്തരത്തിലുള്ള നടപടികള്‍ ഇനി പ്രവര്‍ത്തികമാകു.

അക്രമത്തിന് ഇരയായവരെ സഹായിക്കാന്‍ 20 ഡോക്ടര്‍മാരുള്‍പ്പെടെ എട്ട് മെഡിക്കല്‍ വിദഗ്ധരുടെ സംഘത്തെ കേന്ദ്രം മണിപ്പൂരിലേക്ക് അയച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടുപോയ ആളുകളെ സഹായിക്കുന്നതിനും അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനുമായി ഖോങ്സാങ് റെയില്‍വേ സ്റ്റേഷനില്‍ ഒരു താല്‍ക്കാലിക സംവിധാനവും ഒരുക്കുന്നു.

പട്ടികവര്‍ഗ (എസ്ടി) പദവിക്കായുള്ള മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം നടന്ന ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിന് പിന്നാലെയാണ് മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Tags:    

Similar News