സെപ്റ്റംബറില്‍ വ്യവസായ ഉല്‍പ്പാദന വളര്‍ച്ചയില്‍ ഇടിവ്‌

അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന പിഎംഐ പോയിന്റ്

Update: 2023-10-03 09:11 GMT

സെപ്റ്റംബറില്‍ ഇന്ത്യയുടെ വ്യവസായ ഉത്പാദന വളര്‍ച്ചയില്‍ നേരിയ ഇടിവുണ്ടായതായി എസ് ആന്‍ഡ് പി ഗ്ലോബല്‍ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് ( പിഎംഐ) സൂചിപ്പിക്കുന്നു. സെപ്റ്റംബറിലെ പിഎംഐ 57.5 പോയിന്റായി കുറഞ്ഞു. ഓഗസ്റ്റിലിത് 58.6 പോയിന്റായിരുന്നു. അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന പിഎംഐ പോയിന്റാണിത്.

സൂചികയില്‍ നേരിയ ഇടിവുണ്ടായെങ്കിലും പുതിയ ഓര്‍ഡറുകളും ഉത്പാദനവും അസംസ്‌കൃതവസ്തുക്കളുടെ വാങ്ങലും തൊഴിലും മോശമല്ലാത്ത വളര്‍ച്ച നേടുന്നുണ്ടെന്ന് പിഎംഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതിന്റെ വളര്‍ച്ചാ വേഗത്തില്‍ നേരിയ കുറവുണ്ടായി എന്നു മാത്രമേയുള്ളുവെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയന്ന ഡി ലിമ പറഞ്ഞു.

ഡിമാന്‍ഡും ഉത്പാദനവും മികച്ച വളര്‍ച്ച കാണിക്കുന്നുണ്ട്. ഏഷ്യ, യൂറോപ്പ്, അമേരിക്ക, പശ്ചിമേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെല്ലാം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നും ലിമ കൂട്ടിച്ചേര്‍ക്കുന്നു.

അമ്പതു പോയിന്റിനു മുകളില്‍ വളര്‍ച്ചയും അതിനു താഴെ ന്യൂന വളര്‍ച്ചയുമാണ് പിഎംഐ സൂചിക പ്രതിഫലിപ്പിക്കുന്നത്. തുടര്‍ച്ചയായ ഇരുപത്തിയേഴാമത്തെ മാസമാണ് മാനുഫാക്ചറിംഗ് പിഎംഐ സൂചിക 50-ന് മുകളില്‍ നിലനില്‍ക്കുന്നത്.

Tags:    

Similar News