പണം കൊണ്ടുനടക്കാന്‍ താല്‍പ്പര്യമില്ല; ഗ്രാമങ്ങളിലും താരമായി യുപിഐ
- ഗ്രാമീണ,അര്‍ധ നഗരങ്ങളില്‍ യുപിഐ ഇടപാടുകള്‍ 118% വര്‍ധിച്ചു
- ഡിജിറ്റല്‍ പേയ്മെന്റിന്റെ വളര്‍ച്ചയില്‍ യുപിഐ ഒരു ചാലകശക്തി
- നോട്ടുകളുടെ വിനിമയം കുറഞ്ഞു
ഇന്ത്യയിലെ ഗ്രാമീണ, അര്‍ധ നഗരങ്ങളിലെ റീട്ടെയില്‍ സ്റ്റോറുകളിലെ യുണൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2023-ല്‍ 118ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇത് ടയര്‍-2 നഗരങ്ങളില്‍ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ വര്‍ധിച്ചുവരുന്നതായി അടയാളപ്പെടുത്തുന്നു. മൂല്യമനുസരിച്ച്, ഇടപാടുകള്‍ 106 ശതമാനമാണ് ഉയര്‍ന്നത്.
മൊബൈല്‍ പോയിന്റ് ഓഫ് സെയിലിന്റെ (എംപിഒഎസ്) സ്വീകാര്യത 2023ല്‍ 5 ശതമാനം വര്‍ധിച്ചതായി ഫിന്‍ടെക് സ്ഥാപനമായ 'PayNearby' യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഒരു ദശലക്ഷത്തിലധികം കടകളില്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
യുപിഐ ഇടപാടുകളില്‍ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍ മാത്രമല്ല, യൂട്ടിലിറ്റി പേയ്മെന്റ്, ക്യാഷ് കളക്ഷന്‍, ക്രെഡിറ്റ്, ഇന്‍ഷുറന്‍സ്, അസിസ്റ്റഡ് കൊമേഴ്സ് തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങളും ഉള്‍പ്പെടുന്നു. ഇത് ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ അവരുടെ അസിസ്റ്റഡ് ഡിജിറ്റല്‍ രീതികളിലേക്ക് കാര്യമായ പെരുമാറ്റ മാറ്റത്തെയും സൂചിപ്പിക്കുന്നു. ബാങ്കിംഗ്, ജീവിതശൈലി ആവശ്യങ്ങള്‍ എന്നിവയും ഇവിടെ പ്രകടമാണ്- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയില്‍ യുപിഐ ഒരു ചാലകശക്തിയാണെന്ന് ഡിസംബര്‍ 18 ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. യുപിഐ ഇടപാടുകള്‍ 2017-18ല്‍ 92 കോടിയില്‍ നിന്ന് 2022-23ല്‍ 8,375 കോടിയായി വര്‍ധിച്ചതായും ലോക്‌സഭയില്‍ അറിയിച്ചു. ഇതുമൂലം 2022-23ല്‍ നോട്ട് വിനിമയം 7.8 ശതമാനം കുറഞ്ഞു. 2023 ഡിസംബര്‍ 11 വരെയുള്ള ഈ സാമ്പത്തിക വര്‍ഷത്തില്‍ യുപിഐ 85.72 ബില്യണ്‍ ഇടപാടുകള്‍ നേടിയിട്ടുണ്ട്.
'രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകളുടെ മൊത്തത്തിലുള്ള വളര്‍ച്ചയുടെ പ്രധാന പ്രേരകശക്തിയാണ് യുപിഐ. പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ മൂല്യത്തില്‍ വര്‍ഷം തോറും വളര്‍ച്ച കുറഞ്ഞു. 2021-22-ല്‍ 9.9 ശതമാനവും 2022-23-ല്‍ 7.8 ശതമാനവും,' ധനകാര്യ സഹമന്ത്രി ഭഗവത് കെ കരാദ് രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു.
