സ്വകാര്യ മൂലധന നിക്ഷേപം കുറഞ്ഞു; വളര്‍ച്ചാ ലക്ഷ്യം അപകടത്തിലെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ കമ്പനികളുടെ നീക്കിയിരുപ്പ് 10.35 ട്രില്യണ്‍ രൂപ
സ്വകാര്യ മൂലധന നിക്ഷേപം കുറഞ്ഞു. ഇന്ത്യയുടെ 8% വളര്‍ച്ചാ ലക്ഷ്യം അപകടത്തിലെന്ന് യെസ് സെക്യൂരിറ്റീസ്. റെക്കോര്‍ഡ് കോര്‍പ്പറേറ്റ് ക്യാഷ് റിസര്‍വുകള്‍ ഉണ്ടായിരുന്നിട്ടും സ്വകാര്യ മൂലധന ചെലവ് മന്ദഗതിയിലായതിനാല്‍ ഇന്ത്യയുടെ ഉയര്‍ന്ന വളര്‍ച്ചാ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് യെസ് സെക്യൂരിറ്റീസ് പറഞ്ഞു.
2025 സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് ഇന്ത്യന്‍ കമ്പനികള്‍ക്ക് 10.35 ട്രില്യണ്‍ രൂപ നീക്കിയിരിപ്പുണ്ട്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ നീക്കിയിരിപ്പിന്റെ ഇരട്ടിയിലധികമാണ്. എന്നാല്‍ പുതിയ പദ്ധതി പ്രഖ്യാപനങ്ങള്‍ 2025 ല്‍ ഇടിഞ്ഞു.
ദുര്‍ബലമായ ഡിമാന്‍ഡ്, ആഗോള അനിശ്ചിതത്വം,അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ എന്നിവ കാരണം കമ്പനികള്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇന്ത്യ ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍, ഉല്‍പ്പാദനപരമായ നിക്ഷേപങ്ങളിലേക്ക് മാറണം.
2020 സാമ്പത്തിക വര്‍ഷം മുതല്‍ പൊതു മൂലധന നിക്ഷേപം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു, ഇത് നിക്ഷേപ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ സഹായിച്ചു. 2005-08 സാമ്പത്തിക വര്‍ഷത്തില്‍, ശക്തമായ സ്വകാര്യ നിക്ഷേപം ജിഡിപി വളര്‍ച്ച 8 ശതമാനത്തിന് മുകളില്‍ എത്തിക്കാന്‍ സഹായിച്ചു.
ശക്തമായ ഉപഭോഗത്തിനും സൗകര്യപ്രദമായ വായ്പയ്ക്കും ഒപ്പം സ്വകാര്യ മൂലധന നിക്ഷേപം പുനരുജ്ജീവിപ്പിച്ചാല്‍ മാത്രമേ ജിഡിപി വളര്‍ച്ച 8 ശതമാനമായി ഉയര്‍ത്താനാവൂ, റിപ്പോര്‍ട്ട് പറയുന്നു.
