സ്വകാര്യ മേഖലയിലെ വളര്‍ച്ച അഞ്ചുമാസത്തെ താഴ്ന്ന നിലയില്‍
പിഎംഐ 59.9 ആയാണ് കുറഞ്ഞതെന്ന് എച്ച്എസ്ബിസി ഡാറ്റ
രാജ്യത്തെ സ്വകാര്യ മേഖല തളര്‍ച്ചയിലെന്ന് എച്ച്എസ്ബിസി പിഎംഐ ഡാറ്റ. ഉല്‍പ്പന്ന ആവശ്യകത കുറഞ്ഞതും ഉല്‍പ്പാദന ചെലവ് ഉയര്‍ന്നതും വെല്ലുവിളിയായി.
ഒക്ടോബറില്‍ ഇന്ത്യയുടെ സ്വകാര്യ മേഖലയിലെ വളര്‍ച്ച അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. പിഎംഐ 59.9 ആയാണ് കുറഞ്ഞതെന്നും എച്ച്എസ്ബിസിയുടെ ഫ്ലാഷ് ഇന്ത്യ ഡാറ്റ വ്യക്തമാക്കുന്നു. സെപ്റ്റംബറിലെ
61 നിലവാരത്തില്‍ നിന്നാണ് ഈ ഇടിവെന്നതും പ്രസക്തമാണ്. ഉല്‍പ്പന്ന ആവശ്യകത കുറഞ്ഞത് വ്യവസായ മേഖലയുടെ ആത്മവിശ്വാസം ചോര്‍ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. അതേസമയം, ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ നിന്നടക്കം അന്താരാഷ്ട്ര ഡിമാന്‍ഡിലാണ് കുറവ് വന്നിരിക്കുന്നത്. ഇത് കയറ്റുമതിയില്‍ പ്രത്യാഘാതം സൃഷ്ടിച്ചു. അതിനിടെ ഉല്‍പ്പാദന മേഖലയിലെ പിഎംഐ കഴിഞ്ഞ മാസത്തെ 57.7 ല്‍ നിന്ന് 58.4 ആയി ഉയര്‍ന്നു. സേവന മേഖല സൂചിക കഴിഞ്ഞ മാസത്തെ 60.9 ല്‍ നിന്ന് 58.8 ആയി കുറയുകയുമാണ് ചെയ്തത്.
താരിഫ് അടക്കം വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദങ്ങള്‍, വിപണി സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും വ്യവസായ മേഖലയെ ബാധിച്ചതായി എച്ച്എസ്ബിസി പറയുന്നു.