പലിശ നിരക്ക് വെട്ടിക്കുറച്ച് ആര്‍ബിഐ; വായ്പയെടുത്തവര്‍ക്ക് ആശ്വാസം
- പലിശ നിരക്ക് 5.5 ശതമാനമാക്കി കുറച്ചു
- പലിശകുറയ്ക്കുന്നത് തുടര്‍ച്ചയായ മൂന്നാം തവണ
- ജിഡിപി വളര്‍ച്ചാ പ്രവചനം 6.5% ആയി നിലനിര്‍ത്തി
റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ. പലിശ നിരക്കില്‍ 50 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ പലിശ നിരക്ക് 5.5 ശതമാനമായി കുറഞ്ഞു.പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ നടപടി.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.5% ല്‍ സെന്‍ട്രല്‍ ബാങ്ക് നിലനിര്‍ത്തുകയും ചെയ്തു.തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര, 2026 സാമ്പത്തിക വര്‍ഷത്തിലെ പണപ്പെരുപ്പ പ്രതീക്ഷ 4 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായി പരിഷ്‌കരിച്ചിട്ടുണ്ടെന്നും പറഞ്ഞു.
തുടര്‍ച്ചയായ മൂന്നാം തവണയാണ് പലിശ നിരക്ക് കുറയ്ക്കുന്നത്. കരുതല്‍ ധനാനുപാതം മൂന്നുശതമാനമാക്കിയും ആര്‍ബിഐ കുറച്ചിട്ടുമുണ്ട്. കഴിഞ്ഞ മൂന്ന് യോഗങ്ങളിലായി റിപ്പോ നിരക്കില്‍ ഒരു ശതമാനം കുറവാണ് ആര്‍ബിഐ വരുത്തിയത്.
റിപ്പോ നിരക്ക് കുറച്ചത് വായ്പ, നിക്ഷേപ പലിശകളില്‍ കുറവ് വരുത്തും. ഭവന, വാഹന, വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടെയുള്ളവയുടെ പലിശ നിരക്ക് ആനുപാതികമായി കുറയും. കാര്‍ഷിക വായ്പകളുടെ പലിശ നിരക്ക് കുറയുന്നത് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമാകും.
