പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ
റിപ്പോ നിരക്ക് 5.5 ശതമാനമായി തുടരും
തുടര്‍ച്ചയായ മൂന്ന് പലിശ നിരക്കുകള്‍ കുറച്ചതിന് ശേഷം, താരിഫ് അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം റിസര്‍വ് ബാങ്ക് പലിശ നിരക്ക് 5.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. നിഷ്പക്ഷ നിലപാട് നിലനിര്‍ത്താനും ആര്‍ബിഐ തീരുമാനിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം ദ്വൈമാസ പണനയം പ്രഖ്യാപിച്ചുകൊണ്ട്, 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള വളര്‍ച്ചാ നിരക്ക് പ്രവചനം 6.5 ശതമാനമായി നിലനിര്‍ത്തിയതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
ഹ്രസ്വകാല വായ്പാ നിരക്ക് അല്ലെങ്കില്‍ റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്ഠമായി തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പ പ്രവചനവുമായി ബന്ധപ്പെട്ട്, ഗവര്‍ണര്‍ ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള 3.7 ശതമാനമെന്ന മുന്‍ എസ്റ്റിമേറ്റില്‍ നിന്ന് 3.1 ശതമാനമായി പ്രൊജക്ഷന്‍ കുറച്ചു.
2025 ഫെബ്രുവരി മുതല്‍, ആര്‍ബിഐ പോളിസി നിരക്ക് 100 ബേസിസ് പോയിന്റുകള്‍ കുറച്ചിരുന്നു. ജൂണില്‍ നടന്ന മുന്‍ നയ അവലോകനത്തില്‍, റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റുകള്‍ കുറച്ചു 5.5 ശതമാനമാക്കിയിരുന്നു.
ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 4 ശതമാനത്തില്‍ നിലനിര്‍ത്താനും ഇരുവശത്തും 2 ശതമാനം മാര്‍ജിന്‍ നിലനിര്‍ത്താനും സര്‍ക്കാര്‍ കേന്ദ്ര ബാങ്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എംപിസിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, ഫെബ്രുവരിയിലും ഏപ്രിലിലും ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ വീതം കുറച്ചു, ജൂണില്‍ 50 ബേസിസ് പോയിന്റുകള്‍ കുറച്ചു.
ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ചില്ലറ പണപ്പെരുപ്പം 4 ശതമാനത്തില്‍ താഴെയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവും അനുകൂലമായ അടിസ്ഥാന ഫലവും ജൂണില്‍ ഇത് ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.1 ശതമാനമായി കുറഞ്ഞു.
യുഎസ് തീരുവ ഇന്ത്യയുടെ കയറ്റുമതിയെ ബാധിച്ചേക്കമെന്ന ആശങ്കയും ആര്‍ബിഐ പങ്കുവെച്ചു. ആഗോളതലത്തിലെ അനിശ്ചിതത്വം രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കാനും സാധ്യതയുണ്ട്.
