രാജ്യത്ത് ഭക്ഷ്യവിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
ഉയര്‍ന്ന വിലകയറ്റ ഡേറ്റ, റിസര്‍വ് ബാങ്കിന്റെ പലിശ നയത്തെയും ഓഹരി വിപണിയെയും സ്വാധീനിക്കാം
ഇന്ത്യന്‍ ഓഹരി വിപണിക്ക് നിര്‍ണായക മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്കിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റ്സ്. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്ത് ഭക്ഷ്യവിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്.
ഈ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് 2026 വരെ മികച്ച മഴയും മെച്ചപ്പെട്ട കൃഷി സാഹചര്യങ്ങളും കാരണം ഭക്ഷ്യവിലക്കയറ്റം നിയന്ത്രണ പരിധിയിലായിരിക്കും. എന്നാല്‍, കഴിഞ്ഞ വര്‍ഷം വിലകള്‍ അസാധാരണമാംവിധം കുറവായിരുന്നു. ഇതുകാരണം, 2027 സാമ്പത്തിക വര്‍ഷത്തില്‍ വിലക്കയറ്റം ഉയര്‍ന്ന് കാണപ്പെടും. ഇതിനെയാണ് 'ബേസ് ഇഫക്ട്' എന്ന് പറയുന്നത്.
അതായത്, വിലകള്‍ വലിയ തോതില്‍ ഉയര്‍ന്നിട്ടില്ലെങ്കിലും, പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതായി തോന്നാം. ഉയര്‍ന്ന വിലകയറ്റ ഡേറ്റ, റിസര്‍വ് ബാങ്കിന്റെ പലിശ നയത്തെയും ഓഹരി വിപണിയെയും സ്വാധീനിക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ മൊത്തവില സൂചിക രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പെന്നതാണ് ശ്രദ്ധേയം. അതായത്അടുത്ത വര്‍ഷം ഭക്ഷ്യവിലക്കയറ്റം ഉയര്‍ന്നാല്‍, അത് റിസര്‍വ് ബാങ്കിന്റെ പലിശ നിരക്ക് തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം.
പലിശ നിരക്കിലെ മാറ്റങ്ങള്‍ ഓഹരി വിപണിയില്‍ ലിക്വിഡിറ്റിയെയും കമ്പനികളുടെ വായ്പാ ചെലവുകളെയും നേരിട്ട് ബാധിക്കും. അതിനാല്‍, നിക്ഷേപകര്‍ 2027 സാമ്പത്തിക വര്‍ഷം ഭക്ഷ്യവിലയുടെ മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.
