നാണയ എ.ടി.എമ്മുമായി റിസര്‍വ് ബാങ്ക്

  • രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളില്‍
  • ഒരു രൂപ മുതല്‍ 20 രൂപ വരെയുള്ള നാണയങ്ങളായിരിക്കും ലഭിക്കുക
  • നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം

Update: 2023-06-01 07:38 GMT

രാജ്യത്തെ 12 നഗരങ്ങളില്‍ ക്യു.ആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ എത്തുന്നു. നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളില്‍ മെഷീനുകള്‍ സ്ഥാപിക്കും. തുടക്കത്തില്‍ ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് മെഷീനുകളെത്തുക.

നാണയങ്ങളുടെ വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐ.സി.ഐ.സി.ഐ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക് തുടങ്ങിയവയുമായി സഹകരിച്ച് റിസര്‍വ് ബാങ്ക് പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ നടന്ന മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി) യോഗത്തില്‍ കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഉടന്‍ ലഭ്യമാകുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു.

പണം പിന്‍വലിക്കേണ്ടത് ഇങ്ങനെ

എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതിയില്‍ തന്നെയാണ് നാണയവും പിന്‍വലിക്കുന്നത്.

ഇതിനായി വെന്‍ഡിങ് മെഷീനില്‍ കൊടുത്ത യു.പി.ഐ ക്യു.ആര്‍ കോഡ് ആണുപയോഗിക്കുക.

ഒരു രൂപ മുതല്‍ 20 രൂപ വരെയുള്ള നാണയങ്ങളാണ് ക്യു.സി.വി.എമ്മിലൂടെ ലഭിക്കുക.

ഗുണങ്ങള്‍

ബാങ്ക് ശാഖയുടെയും ഉപയോക്താവിന്റെയും സമയലാഭത്തിന് മെഷീന്‍ ഉപകരിക്കുന്നു

നാണയങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ സഹായിക്കുന്നു

കള്ളനോട്ടുകളുടെ വ്യാപനം കുറയും

നാണയം മെഷീനുപയോഗിച്ച് എണ്ണാന്‍ എളുപ്പമാണ്

പിഴവുകള്‍ കുറയും

ദോഷഫലങ്ങള്‍

ഈ മെഷീന്‍ സ്ഥാപിക്കുന്നതിലൂടെ ബാങ്കിന് അധിക ചെലവുണ്ടാകുന്നു

സര്‍ക്കാര്‍ ഡിജിറ്റല്‍ പേയിമെന്റ് സമ്പ്രദായം കൊണ്ടുവരുമ്പോള്‍ ഈ രീതി കൂടി നടപ്പാക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക

ഇറുപീ സിസ്റ്റത്തിന്റെ ലക്ഷ്യത്തിന് എതിരാണിത്

കേരളത്തില്‍ കോഴിക്കോട്ട് മാത്രം

കേരളത്തില്‍ നിന്നും കോഴിക്കോട് മാത്രമാണ് ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അഹമ്മദാബാദ്, ബറോഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പാട്‌ന, പ്രയാഗ്രാജ് എന്നിവയാണ് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ എത്തുന്ന മറ്റ് നഗരങ്ങള്‍.

ഒരു രൂപ മുതല്‍ 20 രൂപ വരെയുള്ള നാണയങ്ങളായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കുക. മെഷീനിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് നാണയം എടുക്കേണ്ടത്. എത്ര നാണയങ്ങള്‍ വേണമെങ്കിലും ഉപഭോക്താവിന് സ്‌കാന്‍ ചെയ്‌തെടുക്കാം.

നോട്ട് അച്ചടി ഏറെ ചെലവുള്ളതുകൊണ്ട് പതിയെ ചെറിയ തുകകളുടെ കറന്‍സി നോട്ടുകളുടെ അച്ചടി അവസാനിപ്പിക്കാനാണ് ആര്‍.ബി.ഐ ലക്ഷ്യമിടുന്നത്. സമയ ലാഭവും ആര്‍.ബി.ഐ പരിഗണിക്കുന്നു. സാധാരണ ഓരോ നോട്ട് അച്ചടിക്കാനും 27 ദിവസം വരെ എടുക്കാറുണ്ട്. നാണയങ്ങള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നതിനാല്‍ നോട്ട് അച്ചടിയും അതുവഴിയുള്ള ചെലവും കുറയ്ക്കാന്‍ സാധിക്കും.

Tags:    

Similar News