ക്രൂഡ് ഓയിലില്‍ ഇന്ത്യയ്ക്ക് ഡിസ്‌കൗണ്ടുമായി റഷ്യ
യുഎസ് ഉപരോധത്തെ തുടര്‍ന്ന് ഇന്ത്യ ഇറക്കുമതി വെട്ടിക്കുറച്ച സാഹചര്യത്തിലാണ് ഈ നീക്കം.
റഷ്യയുടെ പ്രധാന ക്രൂഡ് ഓയില്‍ ഇനമായ യൂറല്‍സിന് വിപണിവിലയേക്കാള്‍ 7 ഡോളര്‍ വരെ ഡിസ്‌കൗണ്ടാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ 2 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് ഓഫറാണിത്.
റഷ്യയിലെ ഏറ്റവും വമ്പന്‍ എണ്ണ കയറ്റുമതിക്കമ്പനികളായ ലൂക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയ്ക്ക് അമേരിക്ക അടുത്തിടെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചിരുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലേക്കുള്ള റക്കുമതിക്കാണ് ഓഫര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഉപരോധത്തിന് മുന്‍പ് ബാരലിന് 3 ഡോളര്‍ വരെയായിരുന്നു റഷ്യ ഓഫര്‍ നല്‍കിയിരുന്നത്. റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയെ ഒഴിവാക്കി, ഉപരോധം ബാധകമല്ലാത്ത റഷ്യന്‍ കമ്പനികളില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യ ശ്രമം നടത്തിയെങ്കിലും കാര്യമായ ഇറക്കുമതി ഉണ്ടായിട്ടില്ല.
റഷ്യയെ ഒഴിവാക്കി ഗള്‍ഫ്, പടിഞ്ഞാറന്‍ ആഫ്രിക്ക, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ നിലവില്‍ കൂടുതല്‍ ആശ്രയിക്കുന്നത്.
ഇറക്കുമതി വേണ്ടെന്നുവച്ച ഇന്ത്യയുടെ നിലപാട് റഷ്യയ്ക്ക് കനത്ത ആഘാതം ഏര്‍പ്പെടുത്തിയത്. നവംബറിലെ എണ്ണകയറ്റുമതി വരുമാനത്തില്‍ റഷ്യയ്ക്ക് 35 ശതമാനമെങ്കിലും ഇടിവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
റഷ്യയുടെ മൊത്തം കയറ്റുമതി വരുമാനത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ക്രൂഡ് ഓയില്‍ വില്‍പ്പനയാണ്. യുക്രെയ്‌നെതിരായ യുദ്ധത്തില്‍നിന്ന് പിന്മാറാന്‍ വേണ്ടിയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.
