ഇന്നുമുതല്‍ ഷോപ്പിംഗ് ബില്ലില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകും?

നിര്‍മാതാക്കള്‍ ഒരിക്കലും പരമാവധി ചില്ലറ വില്‍പ്പന വില കുറച്ചിട്ടില്ലെന്ന് ഉപഭോക്താക്കള്‍ ഒരു സര്‍വേയില്‍ പറയുന്നു

Update: 2025-09-22 05:55 GMT

ജിഎസ്ടി നികുതി പരിഷ്‌ക്കാരങ്ങള്‍ നവരാത്രിയുടെ ആദ്യ ദിനമായ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.ഇത് സാധനങ്ങളിലും സേവനങ്ങളിലും ഉടനീളമുള്ള നികുതി നിരക്കുകളില്‍ വലിയ പുനഃക്രമീകരണം കൊണ്ടുവരുന്നു. പുതിയ ചട്ടക്കൂടില്‍ 5% ഉം 18% ഉം എന്ന രണ്ട് പ്രാഥമിക നികുതി നിരക്കുകളാണ് ഉള്ളത്. അതേസമയം അള്‍ട്രാ ആഡംബര, പാപ വസ്തുക്കള്‍ക്ക് 40% നികുതി ചുമത്തും.

പുതിയ പരിഷ്‌ക്കാരം തര്‍ക്കങ്ങള്‍ കുറയ്ക്കുകയും വീടുകള്‍ക്ക് സാധനങ്ങളും സേവനങ്ങളും വിലകുറഞ്ഞതാക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.എങ്കിലും, മുന്‍കാല അനുഭവങ്ങള്‍ സമ്മിശ്ര ഫലങ്ങള്‍ കാണിക്കുന്നതിനാല്‍, നികുതി ഇളവുകളുടെ ഗുണങ്ങള്‍ കമ്പനികള്‍ ജനങ്ങള്‍ക്ക് കൈമാറുമോ എന്നതാണ് ഉപഭോക്താക്കളുടെ യഥാര്‍ത്ഥ ചോദ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഷ്‌കാരത്തെ 'ബചത് ഉത്സവ്' അഥവാ സമ്പാദ്യത്തിന്റെ ഉത്സവത്തിന്റെ തുടക്കമായി വിശേഷിപ്പിച്ചിരുന്നു.

ഭക്ഷ്യധാന്യങ്ങള്‍, മരുന്നുകള്‍, അടിസ്ഥാന പാലുല്‍പ്പന്നങ്ങള്‍, വിദ്യാഭ്യാസ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കളും ദൈനംദിന ഉപയോഗ വസ്തുക്കളും 5ശതമാനം നികുതി നിരക്കിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നിര്‍മ്മാണം, ഗതാഗതം, ഉപഭോക്തൃ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ മിക്ക സ്റ്റാന്‍ഡേര്‍ഡ് സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും 18% .

അതേസമയം പുകയില, പാന്‍ മസാല, എയറേറ്റഡ് പാനീയങ്ങള്‍, പ്രീമിയം വാഹനങ്ങള്‍, ചൂതാട്ടം, കാസിനോകള്‍, ഓണ്‍ലൈന്‍ ഗെയിമിംഗ്, റേസ് ക്ലബ്ബുകള്‍ തുടങ്ങിയ ആഡംബര വസ്തുക്കള്‍ക്ക് ഇനി 40 % നിരക്ക് ബാധകമാകും.

എന്താണ് വിലകുറഞ്ഞത്?

യുഎച്ച്ടി പാല്‍, ചപ്പാത്തി, പൊറോട്ട തുടങ്ങിയവ നികുതി രഹിതമായിരിക്കും. വെണ്ണ, നെയ്യ്, പനീര്‍, ചീസ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി 5% ആയി മാറും. പാസ്ത, ബിസ്‌കറ്റ്, ചോക്ലേറ്റ്, കോണ്‍ഫ്‌ലെക്‌സ്, നംകീന്‍സ്, ബുജിയ തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ക്കും 5% നികുതിയായി കുറയും.

ബദാം, കശുവണ്ടി, പിസ്ത, ഈന്തപ്പഴം എന്നിവയ്ക്ക് മുമ്പ് 12% നികുതി ഉണ്ടായിരുന്നു, ഇനി മുതല്‍ 5% നികുതി ഈടാക്കും. ശുദ്ധീകരിച്ച പഞ്ചസാര, മധുരപലഹാരങ്ങള്‍ എന്നിവയും 5% നികുതിയിലേക്ക് മാറും.

ജീവന്‍ രക്ഷാ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയ്ക്ക് നികുതി ഒഴിവാക്കുകയോ 5% നികുതി ചുമത്തുകയോ ചെയ്യും.

വാഷിംഗ് മെഷീനുകള്‍, ഡിഷ്വാഷറുകള്‍, ടെലിവിഷനുകള്‍ എന്നിവയ്ക്ക് 28% ല്‍ നിന്ന് 18% ആയി കുറയും. ഹെയര്‍ ഓയില്‍, ഷാംപൂ, ടൂത്ത് പേസ്റ്റ്, ഡെന്റല്‍ ഫ്‌ലോസ് എന്നിവയ്ക്ക് 5% മായി കുറയും.

വാഹനങ്ങളുടെ വിലയും കുറയും. കാറുകള്‍ക്കും ബൈക്കുകള്‍ക്കും 28% ല്‍ നിന്ന് 18% നികുതിയാകും. എന്നാല്‍ ആഡംബര വാഹനങ്ങള്‍ ഇതില്‍പെടില്ല.ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ ഇനി നികുതി രഹിതമായിരിക്കും. വളം, വിത്തുകള്‍, വിള ഉല്‍പാദന സാമഗ്രികള്‍, നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ നികുതി 12% ല്‍ നിന്ന് 5% ആയി കുറയും.

ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി 

സിഗരറ്റുകള്‍, ഗുട്ട്ക, സര്‍ദ, പാന്‍ മസാല, പഞ്ചസാര ചേര്‍ത്ത എയറേറ്റഡ് വെള്ളം എന്നിവയ്ക്ക് ഇനി 40% നികുതി ചുമത്തും. കല്‍ക്കരി അധിഷ്ഠിത വ്യവസായങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിച്ചുകൊണ്ട് 5% ല്‍ നിന്ന് 18% ആയി ഉയര്‍ന്നു. 350 സിസിക്ക് മുകളിലുള്ള ബൈക്കുകളും ആഡംബര കാറുകളും 40% നികുതി വിഭാഗത്തിലാകും. കാസിനോ, കുതിരപ്പന്തയം, ലോട്ടറി, ഐപിഎല്‍ ടിക്കറ്റുകള്‍ എന്നിവയും 40% ബ്രാക്കറ്റില്‍ വരും.

പുതിയ നികുതി നിരക്കുകള്‍ പ്രതിഫലിപ്പിക്കുന്നതിനായി നിരവധി ഓട്ടോമൊബൈല്‍, എഫ്എംസിജി കമ്പനികള്‍ ഇതിനകം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ടൊയോട്ടയുടെ ലെജന്‍ഡര്‍ മോഡലിന് 3.34 ലക്ഷം രൂപ വിലക്കുറവുണ്ടാകുമെന്ന് അറിയിച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2.56 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ചു, മാരുതി, ടാറ്റ, ഹ്യുണ്ടായ് എന്നിവ 2.40 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര ബ്രാന്‍ഡുകള്‍ പോലും വില കുറയ്ക്കും.

എഫ്എംസിജിയില്‍, എച്ച്യുഎല്‍, പി ആന്‍ഡ് ജി, ഇമാമി തുടങ്ങിയ കമ്പനികള്‍ ആനുകൂല്യങ്ങള്‍ കൈമാറുമെന്ന് പ്രഖ്യാപിച്ചു.അതേസമയം പാലുല്‍പ്പന്നങ്ങളുടെ പ്രമുഖരായ അമുലും മദര്‍ ഡയറിയും പാല്‍ ഉല്‍പന്നങ്ങളുടെ വില കുറച്ചു.

എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തും എന്ന് പലരും വിശ്വസിക്കുന്നില്ല. നിര്‍മ്മാതാക്കള്‍ ഒരിക്കലും പരമാവധി ചില്ലറ വില്‍പ്പന വില കുറച്ചിട്ടില്ലെന്ന് ഒരു സര്‍വേയില്‍ ഉപഭോക്താക്കള്‍ പറയുന്നു. അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. 

Tags:    

Similar News