ആഭ്യന്തരകടം പുനഃക്രമീകരിക്കല്‍; പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം

  • ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പദ്ധതിക്ക് അംഗീകാരം
  • 225 അംഗ സഭയില്‍ 62 പേര്‍ പദ്ധതിയെ എതിര്‍ത്തു
  • ശ്രീലങ്കയ്ക്കുള്ളത് 42 ബില്യണ്‍ ഡോളറിന്റെ ആഭ്യന്തര കടം

Update: 2023-07-02 03:23 GMT

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം. ആഭ്യന്തര കട പുനഃക്രമീകരണ(ഡിഡിആര്‍) പദ്ധതിക്കാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം അനുമതി നല്‍കിയത്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മുന്നോട്ടുവെച്ച പദ്ധതിയിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ് ആഭ്യന്തര കടം പുനഃക്രമീകരിക്കല്‍ (ഡിഡിആര്‍). ഇത് അംഗീകരിച്ചതോടെയാണ് മാര്‍ച്ചില്‍ ശ്രീലങ്കയ്ക്ക് മൂന്ന് ബില്യണ്‍ യുഎസ് ഡോളറിന്റെ ബെയ്ലൗട്ട് പാക്കേജിന് അംഗീകാരം ലഭിച്ചത്.

ഐഎംഎഫ് പ്രോഗ്രാം അന്താരാഷ്ട്ര ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്ന് കൂടുതല്‍ സഹായം കിട്ടാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ്. 1948-ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ബജറ്റ്, ക്ഷേമ പിന്തുണയായി 700 മില്യണ്‍ ഡോളറിന്റെ ധനസഹായം ഈ ആഴ്ച ആദ്യം ലോക ബാങ്ക് അംഗീകരിച്ചിരുന്നു.

225 അംഗ സഭയില്‍ 62 പേര്‍ എതിര്‍ത്തപ്പോള്‍ ഡിഡിആര്‍ പദ്ധതിക്ക് 122 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്ത് പാര്‍ലമെന്റിന്റെ അംഗീകാരം നേടി. പത്ത് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന രാത്രി 7.30 ന് അവസാനിപ്പിച്ച് വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ഡിഡിആര്‍ ചര്‍ച്ചയ്ക്കിടെ ശ്രീലങ്കന്‍ സര്‍ക്കാരിലെയും പ്രതിപക്ഷത്തിലെയും അംഗങ്ങള്‍ പാര്‍ലമെന്റില്‍ കൊമ്പുകോര്‍ക്കുകയും ഇരുവശത്തുനിന്നും ആക്രമണാത്മക വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

എന്നാല്‍ ചര്‍ച്ച അവസാനിപ്പിക്കാന്‍ പാടില്ലെന്നും 9.30വരെ നീട്ടണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളി. തുടര്‍ന്ന് വോട്ടെടുപ്പിന് തീരുമാനിക്കുകയായിരുന്നു.

പ്രധാന പ്രതിപക്ഷമായ സമാഗി ജന ബലവേഗയയും അതിന്റെ സഖ്യകക്ഷികളും ഉള്‍പ്പെടുന്ന പ്രധാന തമിഴ് പാര്‍ട്ടിയും തമിഴ് നാഷണല്‍ അലയന്‍സ് നിയമസഭാംഗങ്ങളും പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു.

ശ്രീലങ്കയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ വീണ്ടെടുക്കാനുള്ള കഠിനമായ പോരാട്ടത്തില്‍ ഡിഡിആര്‍ അനിവാര്യമാണെന്ന് ധനമന്ത്രി ഷെഹാന്‍ സെമസിംഗെ ഊന്നിപ്പറഞ്ഞു. കമ്മിറ്റി അംഗീകരിച്ച രേഖയും സര്‍ക്കാര്‍ അവതരിപ്പിച്ച രേഖയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് പൊതു ധനകാര്യ സമിതി അധ്യക്ഷനായ പ്രതിപക്ഷ നിയമസഭാംഗം ഹര്‍ഷ ഡി സില്‍വ എതിര്‍പ്പ് ഉന്നയിച്ചു.

ശ്രീലങ്കക്ക് 41 ബില്യണ്‍ ഡോളറിന്റെ വിദേശ കടവും 42 ബില്യണ്‍ ഡോളറിന്റെ ആഭ്യന്തര കടവുമാണ് ഉള്ളത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഡിഡിആര്‍ സംബന്ധിച്ച് മുഖ്യപ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ആരോപണങ്ങളുമായി രംഗത്തിറങ്ങിയിരുന്നു. 'പ്രാദേശിക കടം പുനഃക്രമീകരിക്കില്ലെന്ന് ഞങ്ങളോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ കള്ളം പറയുന്നതെന്ന് ഞാന്‍ ചോദിക്കുന്നു', അദ്ദേഹം പറഞ്ഞു. മറ്റ് പ്രതിപക്ഷ സ്പീക്കര്‍മാര്‍ പെന്‍ഷന്‍ ഫണ്ടിലെ ഡിഡിആറില്‍ നിന്നുള്ള ഭീഷണി ഉയര്‍ത്തിക്കാട്ടുകയായിരുന്നു.

അതേസമയം ഫണ്ടുകളുടെ വരുമാനത്തെ ബാധിച്ചാല്‍ ഇടപെടാന്‍ സെന്‍ട്രല്‍ ബാങ്ക് മടിക്കില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി ഗതാഗത മന്ത്രി നിമല്‍ സിരിപാല ഡി സില്‍വ പറഞ്ഞു.

ധനമന്ത്രി കൂടിയായ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ ചര്‍ച്ചയ്ക്കിടെ സഭയില്‍ ഉണ്ടായിരുന്നില്ല. പ്രാദേശിക ബാങ്കിംഗ് സംവിധാനത്തില്‍ സ്ഥിരത നിലനിര്‍ത്തുന്നതിലാണ് സര്‍ക്കാരിന്റെ പ്രാഥമിക ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

വിദേശനാണ്യ ശേഖരത്തിന്റെ കുറവ് മൂലം ദ്വീപ് രാഷ്ട്രം ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ വര്‍ഷം ദ്വീപ് രാഷ്ട്രത്തിന്റെ സമ്പദ്വ്യവസ്ഥ രണ്ട് ശതമാനം ചുരുങ്ങുമെന്നും എന്നാല്‍ 2024 ല്‍ 3.3 ശതമാനം വികസിക്കുമെന്നും ശ്രീലങ്കയുടെ സെന്‍ട്രല്‍ ബാങ്ക് പ്രവചിച്ചിട്ടുണ്ട്.

Tags:    

Similar News