മത്സരം കടുത്തു; സ്വിഗ്ഗി ധനസമാഹരണത്തിന്

ഫണ്ട് റെയ്‌സിംഗിന് സ്വിഗ്ഗി ബോര്‍ഡ് അംഗീകാരം

Update: 2025-11-07 16:23 GMT

 സ്വിഗ്ഗി ബോര്‍ഡ് പതിനായിരം കോടി രൂപയുടെ ഫണ്ട് റെയ്‌സിംഗ് പദ്ധതിക്ക് അംഗീകാരം നല്‍കി. യോഗ്യതയുള്ള സ്ഥാപനങ്ങളുടെ പ്ലേസ്മെന്റ് (ക്യുഐപി) അല്ലെങ്കില്‍ മറ്റ് അനുവദനീയമായ രീതികള്‍ ഉള്‍പ്പെടെ പൊതു അല്ലെങ്കില്‍ സ്വകാര്യ ഓഫറുകള്‍ വഴി തുക കണ്ടെത്താനാണ് അംഗീകാരം.

ഓഹരി ഉടമകളുടെയും നിയന്ത്രണ സ്ഥാപനങ്ങളുടെയും അംഗീകാരങ്ങള്‍ക്ക് വിധേയമായി ഒന്നോ അതിലധികമോ ഘട്ടങ്ങളിലായാണ് ഫണ്ട് സമാഹരണം നടത്തുകയെന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് (ബിഎസ്ഇ) സമര്‍പ്പിച്ച ഫയലിംഗില്‍ കമ്പനി അറിയിച്ചു. ബാധകമായ നിയമങ്ങള്‍ പ്രകാരം അനുവദനീയമായ ഇക്വിറ്റി ഷെയറുകളോ മറ്റോ പുറപ്പെടുവിച്ചാണ് ഫണ്ട് സമാഹരിക്കുക.

മത്സരാധിഷ്ഠിതവും ചലനാത്മകവുമായ വിപണി കണക്കിലെടുത്ത് കൂടുതല്‍ ധനസമാഹരണം പരിഗണിക്കുന്നതായി കഴിഞ്ഞ ആഴ്ചതന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഭക്ഷ്യ വിതരണ, ദ്രുത വാണിജ്യ വിഭാഗങ്ങളിലെ മത്സരം വര്‍ധിച്ച സാഹചര്യത്തിലാണ് സ്വിഗ്ഗിയുടെ തീരുമാനം. എതിരാളിയായ സെപ്റ്റോ കഴിഞ്ഞ മാസം 450 മില്യണ്‍ ഡോളര്‍ (ഏകദേശം 4,000 കോടി) സമാഹരിച്ചിരുന്നു. ഇത് ക്യു-കൊമേഴ്സ് മേഖലയില്‍ വിപണി സ്ഥാനം മെച്ചപ്പെടുത്താന്‍ സെപ്‌റ്റോയെ സഹായിക്കും.

ബൈക്ക്-ടാക്‌സി പ്ലാറ്റ്ഫോമായ റാപ്പിഡോയിലെ ഓഹരി വിറ്റഴിച്ചതിനെത്തുടര്‍ന്ന് 2,400 കോടി രൂപയുടെ കാഷ് ബാലന്‍സുമായി, തങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ആത്മവിശ്വാസം നിലനിര്‍ത്തുന്നുവെന്ന് സ്വിഗ്ഗി പറഞ്ഞു. 

Tags:    

Similar News