Photo : MyFin
കുടയെടുത്തോളു... കാലവര്‍ഷമെത്തി. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു പ്രകാരം അടുത്ത മുന്നോ നാലോ ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് മഴ കനക്കും.
നിലവില്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു കഴിഞ്ഞു. ഇത് ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് മുന്നറിയിപ്പുണ്ട്.
ഇടിമിന്നലിനും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും ഇന്ന് വിലക്കുണ്ട്.
നദികളുടെ തീരത്തും അണക്കെട്ടുകളുടെ പരസരപ്രദേശത്തും മറ്റും താമസിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണ്ടേതാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്കും മഴകനക്കുന്നതോടെ സാധ്യതയേറും.
ശക്തമായി കാറ്റുവീശാനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.
വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകളും മാറ്റിവെക്കേണ്ടതാണ്.
മണ്‍സൂണ്‍ ആരംഭം പ്രഖ്യാപിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച്, ലിസ്റ്റുചെയ്ത 14 കാലാവസ്ഥാ കേന്ദ്രങ്ങളില്‍ 60 ശതമാനത്തിലും തുടര്‍ച്ചയായി രണ്ട് ദിവസത്തേക്ക് 2.5 മില്ലിമീറ്ററോ അതില്‍ കൂടുതലോ മഴ റിപ്പോര്‍ട്ട് ചെയ്യണം. കൂടാതെ, പടിഞ്ഞാറന്‍ കാറ്റിന്റെ വേഗതയും നിര്‍ണായക ഘടകമാണ്.
ഈ വര്‍ഷം മണ്‍സൂണ്‍ എത്തുന്നത് നേരത്തെയാണ്. ഈമാസം 27ന് മണ്‍സൂണ്‍ സംസ്ഥാനത്ത് വ്യാപിക്കും എന്ന് നേരത്തെ ഐഎംഎഡി പ്രവചിച്ചിരുന്നു. രേഖപ്പെടുത്തപ്പെട്ട കണക്കുകളില്‍ മണ്‍സൂണ്‍ ആദ്യം ആദ്യം ആരംഭിച്ചത് 1918 മെയ് 11 നാണ്. ഏറ്റവും വൈകിയെത്തിയ തുടക്കം 1972 ജൂണ്‍ 18 നും ആയിരുന്നു.രണ്ടുതവണയും മഴ കുറവായിരുന്നു.
