താരിഫ് പ്രാബല്യത്തിലേക്ക്; സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ഇന്ത്യ, ബാധിക്കുക ഇങ്ങനെ

താരിഫ് കാരണം കയറ്റുമതി മേഖലക്ക് ഉണ്ടാകുക 25 ബില്യണ്‍ ഡോളറിന്റെ ആഘാതം

Update: 2025-08-01 09:18 GMT

യുഎസിന്റെ 25 ശതമാനം താരിഫ് വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. എന്നാല്‍ വ്യാഴാഴ്ചയ്ക്ക് മുമ്പ് കയറ്റിയതും ഒക്ടോബര്‍ 5-നകം അമേരിക്കയില്‍ എത്തുകയും ചെയ്യുന്ന സാധനങ്ങള്‍ക്ക് ഈ തീരുവ ബാധകമാകില്ല. താരിഫ് മൂലം കയറ്റുമതി മേഖലയ്ക്ക് 25 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ആഘാതം ഉണ്ടാകുമെന്നാണ് കയറ്റുമതി പ്രമോഷന്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പറയുന്നത്. കൂടാതെ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതായും സൂചനകളുണ്ട്.

താരിഫുകള്‍ രാജ്യത്ത് വിദേശ നിക്ഷേപ അനിശ്ചിതത്വത്തിന് കാരണമാകും. വിദേശ പണമൊഴുക്ക് തടസ്സപ്പെടാം. കൂടാതെ രൂപ അഞ്ച് മാസത്തെ താഴ്ചയിലാണ്. ഇവ രണ്ടും വെല്ലുവിളിയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഫാര്‍മ, ഊര്‍ജ്ജം, ഇലക്ട്രോണിക്സ് തുടങ്ങിയ നിര്‍ണായക മേഖലകളാകും പ്രതിസന്ധി നേരിടുക.

ഇന്ത്യയ്ക്കൊപ്പം വ്യാപാരക്കരാറില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്ത 68 രാജ്യങ്ങള്‍ക്കാണ് 10 മുതല്‍ 41% വരെ പകരച്ചുങ്കം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ തന്നെ യുഎസ് വിപണിയിലെ ഇന്ത്യന്‍ എതിരാളികള്‍ക്ക് കുറഞ്ഞ നികുതിയാണ് ചുമത്തിയത്. ഇത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മല്‍സര ശേഷിയെ ബാധിക്കുമെന്നും കയറ്റുമതി പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.

പാകിസ്ഥാന്‍, വിയറ്റ്നാം, ബംഗ്ലാദേശ്, തുര്‍ക്കി എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് ഇന്ത്യയെക്കാള്‍ കുറഞ്ഞ തീരുവയുള്ളത്.

ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ജിഡിപി 0.2% വരെ ഇടിയ്ക്കുമെന്ന് നോമുറയും റിപ്പോര്‍ട്ട് ചെയ്തു.ദീര്‍ഘകാല യുഎസ്-ഇന്ത്യ ബന്ധമാണ് വിപണി പ്രതീക്ഷിച്ചത്. അതിനാല്‍ ഈ തിരിച്ചടി നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരും പറയുന്നത്.

അതേസമയം, റഷ്യയുമായുള്ള വ്യാപാരം തുടരുന്നതിന് പിഴ കൂടി ഇന്ത്യയ്ക്ക് വരാനുണ്ട്. ഇത് എത്രയാണെന്നതില്‍ വ്യക്തത വന്നിട്ടില്ല. വ്യാപാരക്കരാറില്‍ ഏര്‍പ്പെടാന്‍ അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ് പുതിയ താരിഫ് ട്രംപ് ഭരണകൂടം ചുമത്തിയത്.അഞ്ചു വട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര ഉടമ്പടിയില്‍ ധാരണയിലെത്തിയിരുന്നില്ല. ആയുധത്തിനും എണ്ണയ്ക്കും ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ച തുടരുമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യതാല്‍പര്യം ബലികഴിച്ചുള്ള കരാറിന് തയ്യാറല്ലെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയലും വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Similar News