യുഎസ് ഫെഡറല്‍ റിസര്‍വില്‍ ഭിന്നത ശക്തം! ആഗോള വിപണി എങ്ങോട്ട്?
നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങല്‍
ആഗോള സമ്പദ് വ്യവസ്ഥയുടെ ഗതി നിര്‍ണ്ണയിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിലും ഭിന്നത! ഇതോടെ, ഡിസംബറില്‍ വീണ്ടും നിരക്ക് കുറയ്ക്കുമെന്ന നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു.
ഈ വര്‍ഷാവസാനം പണനയം എങ്ങനെയായിരിക്കുമെന്ന ആശങ്കയിലാണ് ആഗോള വിപണി.
യുഎസ് ഫെഡറല്‍ റിസര്‍വ് മിനിറ്റ്‌സ് യോഗത്തിന്റെ വിശദാംശങ്ങൾ
ഡിസംബറില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കില്ലെന്ന സൂചനയാണ് യുഎസ് ഫെഡറല്‍ റിസര്‍വ് മിനിറ്റ്‌സിലുള്ളത്. യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ ഭൂരിപക്ഷം വോട്ടര്‍മാരും തുടര്‍ച്ചയായ രണ്ടാം തവണയും കാല്‍ ശതമാനം പലിശ നിരക്ക് കുറയ്ക്കുന്നതിനെ അനുകൂലിച്ചു.
എന്നാല്‍ ശക്തമായ വിയോജിപ്പുകളും യോഗത്തിലുണ്ടായി. പ്രസിഡന്റ് ട്രംപിന്റെ പുതിയ നോമിനിയായ ഗവര്‍ണര്‍ സ്റ്റീഫന്‍ മിറാന്‍ അരശതമാനം കുറയ്ക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തണമെന്ന നിര്‍ദേശങ്ങളുമുയർന്നു. ഇതിന് പിന്നാലെ ഫെഡ് ചെയര്‍ ജെറോം പവല്‍, ഡിസംബറിൽ നിരക്ക് കുറയ്ക്കല്‍ ഉറപ്പിക്കേണ്ടെന്ന പ്രസ്താവനയുമായി എത്തി.
സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ കാരണം ഒക്ടോബറിലെ തൊഴിൽ ഡാറ്റ പ്രസിദ്ധീകരിച്ചിട്ടില്ല. നവംബറിലെ ഡാറ്റയാകട്ടെ, ഫെഡിന്റെ ഡിസംബര്‍ യോഗത്തിന് ശേഷം മാത്രമേ പുറത്തുവരൂ. നിര്‍ണ്ണായകമായ ഡാറ്റയുടെ അഭാവം ഡിസംബറിൽ പലിശ കുറയ്ക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഫെഡ് ഉദ്യോഗസ്ഥര്‍ ഓഹരി വിപണിയിലെ ആസ്തി കുത്തനെ ഉയരുന്നതിൽ ആശങ്ക രേഖപ്പെടുത്തി. എഐ സാങ്കേതികവിദ്യാ രംഗത്തെ ബബിൾ മൂലം പെട്ടെന്നുണ്ടാകുന്ന പുനര്‍വിലയിരുത്തല്‍ ഓഹരി വിലകളില്‍ ക്രമരഹിതമായ ഇടിവിന് കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ചുരുക്കത്തില്‍ നിരക്ക് കുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നു. ടെക് ഓഹരികളിൽ അപകട സൂചനകളുണ്ട്. നിക്ഷേപകര്‍ക്ക് തൊഴില്‍ ഡാറ്റ നിര്‍ണായകമാകും.
