രണ്ടാം പാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പൊതു കടം 147 ലക്ഷം കോടി രൂപ

  • 2022 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍, ക്യാഷ് മാനേജ്‌മെന്റ് ബില്ലുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ തുകയൊന്നും സമാഹരിച്ചിട്ടില്ല.

Update: 2022-12-28 07:35 GMT

ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കടം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 147.19 ലക്ഷം കോടി രൂപയായി. ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇത് 145.72 ലക്ഷം കോടി രൂപയായിരുന്നു. പാദാടിസ്ഥാനത്തില്‍ പൊതു കടത്തില്‍ ഒരു ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ മൊത്തം ബാധ്യതകളുടെ 89.1 ശതമാനവും പൊതുകടമാണ്. ജൂണ്‍ 30 വരെ ഇത് 88.3 ശതമാനമായിരുന്നു.

ഏകദേശം 29.6 ശതമാനം ഔട്ട്സ്റ്റാന്‍ഡിംഗ് സെക്യൂരിറ്റികളുടെയും മെച്യൂരിറ്റി കാലാവധി അഞ്ച് വര്‍ഷത്തില്‍ താഴെയാണ്. രണ്ടാം പാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഡേറ്റഡ് സെക്യൂരിറ്റികള്‍ വഴി 4,06,000 കോടി രൂപ സമാഹരിച്ചിരുന്നു. തിരിച്ചടവ് 92,371.15 കോടി രൂപയാണ്.

2022 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍, ക്യാഷ് മാനേജ്‌മെന്റ് ബില്ലുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ തുകയൊന്നും സമാഹരിച്ചിട്ടില്ല. ഈ പാദത്തില്‍ ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ക്കായി റിസര്‍വ് ബാങ്ക് ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളും നടത്തിയില്ല. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും സ്പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റിയും ഉള്‍പ്പെടെ ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് ഫെസിലിറ്റി (എല്‍എഎഫ്) പ്രകാരം ആര്‍ബിഐയുടെ പ്രതിദിന ശരാശരി ലിക്വിഡിറ്റി ഈ പാദത്തില്‍ 1,28,323.37 കോടി രൂപയായിരുന്നു.

പണപ്പെരുപ്പം വരുതിയിലാക്കുക എന്ന ഉദ്ദേശത്തോടെ രണ്ടാം പാദത്തില്‍ റിപ്പോ നിരക്ക് 100 ബിപിഎസ്, അതായത് 4.90 ശതമാനത്തില്‍ നിന്ന് 5.90 ശതമാനമായി ഉയര്‍ത്താനായിരുന്നു പണനയ അവലോകന കമ്മിറ്റിയുടെ തീരുമാനം. ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ ഉടമസ്ഥാവകാശ പട്ടിക സൂചിപ്പിക്കുന്നത് വാണിജ്യ ബാങ്കുകളുടെ വിഹിതം ജൂണ്‍ 30ലെ 38.04 ശതമാനത്തില്‍ നിന്ന് സെപ്റ്റംബര്‍ അവസാനത്തോടെ 38.3 ശതമാനമായി എന്നാണ്.

വിദേശ നാണ്യ കരുതല്‍ ശേഖരം സംബന്ധിച്ച്, 2021 സെപ്റ്റംബര്‍ 24 ലെ 638.64 ബില്യണ്‍ ഡോളറില്‍ നിന്ന് 2022 സെപ്തംബര്‍ 30 ല്‍ 532.66 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. 2022 ജൂലൈ 1 നും 2022 സെപ്റ്റംബര്‍ 30 നും ഇടയില്‍ രൂപയുടെ മൂല്യം 3.11 ശതമാനം ഇടിഞ്ഞു. സെപ്തംബര്‍ 30 ന് 81.55 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇത് ജൂലൈ ഒന്നിന് 79.09 ആയിരുന്നു.

Tags:    

Similar News